Tuesday, September 24, 2013

തുഷാരഗിരിയിലെ മുത്തശ്ശി മരം

 "ലക്ഷ്യത്തിലേക്ക് മാത്രം ചിന്തിക്കാതിരിക്കുക,മനോഹരമായ യാത്രയെ കുറിച്ച് ചിന്തിക്കുക.എത്തിച്ചേരേണ്ട സ്ഥലത്തെ കുറിച്ച് മാത്രം ചിന്തിച്ചാൽ നിൻറെ യാത്ര  നിനക്ക് നഷ്ടപ്പെടും".തുഷാര ഗിരിയിലെ യാത്രയിൽ ആരോ എഴുതിയ ഈ വാചകങ്ങൾഅന്വർഥമാകുന്നത് ഞാൻ തിരിച്ചറിയുകയായിരുന്നു.ഒട്ടും പ്ലാൻ ചെയ്യാതെയുള്ള ആ യാത്ര അവിസ്മരണീയമായതും അത് കൊണ്ടാവും.ആ നാട്ടുകാരനായ സുഹൃത്തിനെ കൂടെ കൂട്ടിയതിനാൽ പാർക്കിംഗ് ഫീസ്‌ കൊടുക്കാതെ വടക്കൻ ഭാഷയിൽ പറഞ്ഞാൽ "കഴിച്ചിലായി".

മഴ എന്നുമെന്റെ ബലഹീനതയാണ്,അതിനെക്കാൾ ആവേശമാണ് വെള്ളച്ചാട്ടങ്ങളുടെ ആരവം.അതിലേക്ക് ഇഴുകി ചേരുമ്പോൾ അറിയാതെ അടക്കി വെച്ചിരിക്കുന്ന കുട്ടിക്കാലത്തെ കുസൃതിത്തരങ്ങൾ പുറത്തേക്ക് ചാടും.ആവേശം ഒട്ടും ചോരാതെ മുകളിൽ നിന്നും തുള്ളി ചാടി താഴേക്ക് പതിക്കുന്ന വെള്ളതുള്ളികളിൽ ഒന്നായി മാറാൻ ഞാനും കൊതിച്ചു.പിന്നീട് ശാന്തമായി അനുസരണയോടെ ഒഴുകി പാറക്കെട്ടുകളെ തലോടി എന്റെ കാലിന് കുളിർമയേകി ആർക്കും പിടി കൊടുക്കാതെ എങ്ങോ പോയി മറയുന്ന ആ തുള്ളികളോട് എനിക്ക് അസൂയയാണ്.    

സാധാരണ മരങ്ങൾ നൽകുന്ന തണൽ നമുക്ക് വലിയ ആശ്വാസമാണ്.മുത്തശ്ശിമാരുടെ സ്നേഹം അനുഭവിക്കാത്തവർ വിരളമാണ്.അവരുടെ ഉള്ളും പുറവും സ്നേഹം മാത്രമേയുള്ളൂ. അതുപോലെ ഒരു അനുഭവമാണ്‌ ഈ മുത്തശ്ശി മരവും തരുന്നത്.നമ്മളെ ചേർത്ത് പിടിച്ച് ഉള്ളിലേക്ക് വലിച്ച് അടുപ്പിക്കും.നമ്മൾ പേടിക്കാതിരിക്കാൻ നമുക്ക് മുകൾ ഭാഗം തുറന്ന് കാറ്റും  വെളിച്ചവും തരും. ഉള്ളിൽ കയറിയാൽ ആകാശം കാണാം.ഇലകൾക്കിടയിലുടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികൾ മുത്തശ്ശിയുടെ പല കഥകളും പറഞ്ഞ് തരും.അത് കേട്ട് മുത്തശ്ശി തലയാട്ടും.അപ്പൊ ആ രശ്മികൾ കുലുങ്ങി ചിരിക്കുന്നത് കാണാൻ നല്ല രസമാണ്. 
   
തുഷാര ഗിരിയെ സംരക്ഷിച്ച് കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന ഈ കൊമ്പനെ അവഗണിച്ച് കൊണ്ട് ആർക്കാണ്‌ മുമ്പോട്ട് പോകാൻ കഴിയുക   
    ഒരിക്കലും മറക്കാനാകാത്ത ഒരു പകൽ സമ്മാനിച്ച തുഷാര ഗിരി ഇപ്പോഴും എന്നെ മാടി വിളിക്കുന്നു.മുത്തശ്ശിക്ക് കൊടുത്ത വാക്ക് പാലിച്ച് കൊണ്ട് ആ  മടിയിൽ തല വെച്ച് ഇനിയും ഒരുപാട് കഥകൾ കേൾക്കണം.