Thursday, October 17, 2013

രോഗികളെ തെരയുന്ന കഴുകന്മാർ

"സേവനം" എന്ന വാക്കിന്റെ അർത്ഥം ഒരിക്കൽ കൂടി തെരയേണ്ട ഈ കാലത്ത് എന്റെ പ്രതിഷേധത്തിന് മൂല്യം ഉണ്ടോ എന്നറിയില്ല.എങ്കിലും കുറച്ച് നാളുകളായി പുറത്തേക്ക് തെകുട്ടുന്ന എന്റെ ഉള്ളിലെ ഇനിയും മരിക്കാത്ത പ്രതികരണ ശേഷി, എന്നെ കൂടെയുള്ളവരുടെ ഇടയിലെ നിഷേധി ആക്കുന്നു.ഞാൻ കൂടി ഭാഗമായ ആതുര സേവനം എന്ന ഓമനപേരിൽ അറിയപ്പെടുന്ന കഴുത്തറുപ്പൻ ബിസിനസ്‌ ശ്രിംഖല ഇന്ന് എല്ലാ സീമകളും തകർത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു.നേതാക്കന്മാരുടെ ഏറാൻമൂളികൾ ആയ ഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ പാവം നമ്മൾ പൊതുജനം ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ ഇവരുടെ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.നമ്മുടെ നാടും പ്രകൃതിയും കാടുകളും പുഴകളും സമ്പത്തും സംസ്കാരവും എല്ലാം ഒരു വിഭാഗം കവർന്നെടുക്കുന്നത് നമ്മൾ നോക്കി നിന്നു. സ്വന്തം എന്ന് അഹങ്കരിക്കുന്ന നമ്മുടെ ശരീരവും ആരോഗ്യവും കൂടി ഇനി നഷ്ടപ്പെടുത്താൻ കഴുകന്റെ കണ്ണുകളുമായി കാത്തിരിക്കുന്ന ഒരു വിഭാഗം നമ്മുടെ നാടുകളിൽ വല വീശി തുടങ്ങിയിരിക്കുന്നു.
ഓരോ കവലകളിലും മത്സരിച്ച് തുടങ്ങുന്ന പുതിയ സ്വകാര്യ ആശുപത്രികൾ ലാഭക്കൊതി മൂത്ത് നമ്മളെ പിഴിയുന്നത്, നമ്മുടെ ആരോഗ്യം നഷ്ടപ്പെടുത്തിക്കൊണ്ട്‌ ആണെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല.
പേരിന്റെ മുമ്പിൽ രണ്ടക്ഷരം കൂട്ടി ചേർക്കുന്നത് സ്റ്റാറ്റസ് സിംബലും വിവാഹ മാർക്കറ്റിൽ വിലയുമുള്ളപ്പോൾ പലിശക്ക് എടുത്തിട്ട് ആണെങ്കിലും ലക്ഷങ്ങൾ കൊടുത്ത് മെഡിസിനു ചേരുന്ന സ്നോബുകൾ വിരിഞ്ഞ് പുറത്ത് വരുന്നത് ഒരു നാടിന്റെ ആരോഗ്യം നശിപ്പിക്കാൻ ആവരുത്.ഈയിടക്ക് മെഡിക്കൽ എന്ട്രൻസ് പരീക്ഷയുടെ സാമൂഹിക ചോദ്യത്തിൽ A.P.J.അബ്ദുൽ കലാം ആരെന്ന ചോദ്യത്തിന് ബഹുഭൂരിപക്ഷം ഭാവി ഡോക്ടർമാരും തെറ്റി പറഞ്ഞത് ഓർമയിൽ വരുന്നു.പ്രതിബദ്ധത ഇല്ലാത്ത ഒരു വിഭാഗം ഡോക്ടർമാർ സാധാരണക്കാരായ രോഗികളുടെ മേൽ പരീക്ഷണം നടത്തി പഠിത്തത്തിനു ചെലവായ പണം സ്വരൂപിക്കാൻ കാണിക്കുന്ന അത്യാർത്തി തിരിച്ചറിഞ്ഞേ തീരു.ആവശ്യമില്ല്ലാത്ത  ടെസ്റ്റുകളും മരുന്നുകളും തന്ന് നമ്മുടെ ശരീരം  പ്രതിരോധ ശേഷി നഷ്ടപ്പെട്ട് ചെറിയ അണുബാധകൾ പോലും സ്വയം പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നമ്മളെ ഇവർ എത്തിക്കും.ലാബുകളിൽ നിന്നും ഇവർക്ക് കിട്ടുന്ന കമ്മിഷൻ പരസ്യമായ ഒരു രഹസ്യമാണല്ലോ.

ഇതൊക്കെ സഹിക്കാം പക്ഷെ ആവശ്യത്തിന് അറിവ് കൂടി ഇല്ലെങ്കിൽ എന്ത് ചെയ്യും.ചിക്കൻ ഗുനിയ പടർന്നു പിടിക്കുന്ന സമയത്ത് ഒരു ബന്ധുവിനെയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ ഒരു റിട്ടയേർഡ്‌ ഡോക്ടർ പറഞ്ഞത് ചിക്കൻ അമിതമായി കഴിക്കരുത് എന്ന് പറഞ്ഞാൽ ആളുകൾ കേൾക്കില്ല എന്നാണ്.കൊതുക് മൂലമല്ലേ ഡോക്ടർ ചിക്കൻ ഗുനിയ പടരുന്നത് എന്നൊന്നും ചോദിക്കരുത്.കാരണം കഥയിൽ ചോദ്യമില്ല എന്നത് പോലെ ദൈവത്തിന്റെ പ്രതി പുരുഷന്മാരെ ചോദ്യം ചെയ്യാൻ പാടില്ലല്ലോ.മോഹൻലാൽ പ്രകീർത്തിച്ച് എഴുതിയ ഫൈവ് സ്റ്റാർ താരങ്ങളെ ചികിത്സിക്കുന്ന ഫൈവ് സ്റ്റാർ ഡോക്ടർമാരുടെ കാര്യം അല്ല ഈ പറയുന്നത് കേട്ടോ.കുരച്ചും ചുമച്ചും സർക്കാർ ആശുപത്രികളിലും ഗതിയില്ലാതെ സ്വകാര്യ ആശുപത്രികളിലും പോകേണ്ടി വരുന്ന സാധാരണക്കാരെ പിഴിയുന്നവരെ കുറിച്ചാണ്.

പതിന്നാല് വർഷം ആരോഗ്യ രംഗത്ത് ഉള്ള അനുഭവം വെച്ച് വളരെ അപൂർവ്വം ചില ജെനിസുകളെ മാറ്റി നിർത്തിയാൽ ഒറ്റ ഒരെണ്ണം ശരിയല്ല.കോടികൾ വെച്ച് കളിക്കുന്ന അഴിമതിക്കാരെ നമുക്ക് സഹിക്കാം,പറഞ്ഞു പറ്റിച്ച് വോട്ട് വാങ്ങി സ്വന്തം കീശ വീർപ്പിക്കുന്ന നേതാക്കളോട്  നമുക്ക് പൊറുക്കാം,ജാതിയും മതവും പറഞ്ഞ് തമ്മിലടിപ്പിക്കുന്ന വർഗീയ വാദികളെ നമുക്ക് അവഗണിക്കാം,എന്തിനും ഏതിനും ഉളുപ്പില്ലാതെ പിച്ചക്കാരെ പോലെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ നമുക്ക് ഒഴിവാക്കാം.പക്ഷെ രോഗികൾക്ക് സ്വാന്തനം ആകേണ്ട,ഏറ്റവും പരിചരണം ആവശ്യമുള്ള പാവങ്ങളെ പിഴിയുന്ന ഇവറ്റകളോട് പൊറുക്കാൻ സാധിക്കുമോ.പാവങ്ങൾ ദൈവത്തിന് സമമായി കാണുന്ന അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്യാമോ.ഭീമൻ കമ്പനികളിൽ നിന്ന് അച്ചാരം വാങ്ങി പാവങ്ങളുടെ മേൽ മരുന്ന് പരീക്ഷണം നടത്തി ഒരു തലമുറയുടെ ആരോഗ്യം നശിപ്പിച്ച് എന്നും നിത്യ രോഗികളാക്കി നിങ്ങളുടെ ആശുപത്രികളുടെയും വീടിന്റെയും മുമ്പിലെ ക്യു  വലുതാക്കണോ.
പ്രതികരണ ശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ പ്രതികരിക്കു.അടുത്ത തലമുറ എങ്കിലും രക്ഷപ്പെടട്ടെ.                                          
  

മരണമേ നിന്നിലേക്ക്‌ .....

അന്നൊരു ശനിയാഴ്ച ആയിരുന്നു.പതിവ് പോലെ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പോടെയാണ് അന്നും ഉണർന്നത്.ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസത്തിലേക്ക് ആണ് കണ്ണ് ചിമ്മി ഉണരുന്നതെന്ന് അറിയാതെ.....
പെട്ടെന്നാണ് എന്റെ ഫോണ്‍ ശബ്ദിക്കാൻ തുടങ്ങിയത്,അങ്ങേ തലക്കൽ പ്രിയ സുഹൃത്ത്‌ ലത്തീഫ്.ടെലിവിഷൻ ഓണ്‍ ചെയ്യാൻ നിർദേശിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. ഹൃദയമിടിപ്പോടെയാണ്‌ ഞാൻ ആ സത്യത്തിലേക്ക് ഇറങ്ങി ചെന്നത്.ടിവിയിൽ മുഴുവൻ തീയും പുകയും നിലവിളികളും മാത്രം.അതിനിടയിൽ രംഗബോധമില്ലാതെ മൈക്കും പിടിച്ച്  അവതാരകർ എന്തൊക്കെയോ പുലമ്പുന്നു.പെട്ടെന്നാണ് ഇന്നലെ യാത്രയാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട ഇച്ചയുടെ കാര്യം ഓർത്തത്‌.നാഥാ ഈ വിമാനത്തിൽ തന്നെയല്ലേ അദ്ദേഹവും യാത്ര തിരിച്ചത്....

ഞാനും ലത്തീഫും അഷ്റഫും കൂടി അജ്മാനിൽ തുടങ്ങിയ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഞങ്ങൾ സ്നേഹപൂർവ്വം ഇച്ച എന്ന് വിളിക്കുന്ന ബഷീർ.രണ്ട് വർഷം കഴിഞ്ഞ് സ്നേഹ നിധികളായ ഭാര്യയേയും മക്കളെയും കാണാൻ അവധി ചോദിക്കുമ്പോൾ ഒരിക്കലും അറിഞ്ഞില്ല ജീവിതത്തിൽ നിന്ന് തന്നെയാണ് അന്ന് അവധി വാങ്ങിയതെന്ന്.
കാരണം കാണിക്കാതെ, നോട്ടീസ് ഇല്ലാതെ,രാജി വെക്കാതെ, വിട പറയാതെ,ഞങ്ങൾ പറയുമായിരുന്ന നല്ല വാക്കുകൾക്ക് കാത്തുനിൽക്കാതെ അയാൾ പോയി....

ഇത്ര ധൃതിയിൽ എന്തിനാണ് അയാൾ പോയത്....അതും ഇത്ര ദൂരേക്ക് ......

160 യാത്രികരെയും 5 ജീവനക്കാരെയും കൊണ്ട് ദുബായ് യിൽ നിന്നും മംഗലാപുരത്തേക്ക് കുതിച്ച ആ വിമാനത്തിൽ തകർന്നത് ജീവനുകൾ മാത്രമായിരുന്നില്ല,ഒരുപാട് പ്രതീക്ഷകൾ, സ്വപ്‌നങ്ങൾ,സാന്ത്വനങ്ങൾ ഒക്കെയായിരുന്നു.അനാഥരായവരിൽ കുട്ടികൾ മാത്രമായിരുന്നില്ല,ഒറ്റക്കായ ഒരുപാട് ജീവിതങ്ങൾ ഉണ്ടായിരുന്നു.അത്ഭുതകരമായി രക്ഷപ്പെട്ട എട്ടു പേരിൽ ഒരാളായി ഞങ്ങളുടെ പ്രിയപ്പെട്ട ഇച്ച മടങ്ങി വരുമെന്ന ധാരണയിൽ ടിവിക്ക് മുമ്പിൽ ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായി. 

ആകസ്മികതകൾ കൊണ്ടും നഷ്ടങ്ങളുടെ പെരുപ്പം കൊണ്ടും മരണം നമ്മളെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യും.അപ്പോഴും വൈവിധ്യം കൊണ്ട് അത് നമ്മളെ  അത്ഭുതപ്പെടുത്തും. ഒന്നോ രണ്ടോ കരച്ചിലിന്റെ അകമ്പടിയോടെ ഒരു ജനനം നടക്കുന്നുവെങ്കിൽ, മരണം എത്രയോ നാൾ നീണ്ട് നിൽക്കുന്ന വിങ്ങലാണ്,വേദനയോടെയുള്ള ഓർമകളാണ്.
മരണം ചിലപ്പോൾ ഇരകളെ  ഒറ്റക്ക് പിടികൂടും,ചിലപ്പോൾ കൂട്ടത്തോടെ...
ചിലർ അവനെ ക്ഷണിക്കുന്നു  ...  ചിലരെ അവൻ വന്ന്  ക്ഷണിക്കുന്നു.
ചിലപ്പോൾ കൂട്ടത്തോടെ മൈതാനത്തിൽ ഇട്ട് വറുത്തെടുക്കുന്നു...വെള്ളത്തിലേക്ക് താഴ്ത്തി അലിയിച്ച് കളയുന്നു....ഭൂമി പിളർത്തി വിഴുങ്ങുന്നു....
ജീവിതമെന്ന തിര നാടകത്തിലെ എല്ലാ അവാർഡുകളും മരണത്തിന് തന്നെ ...നല്ല കഥയും തിരക്കഥയും അവന്റെത്‌....പശ്ചാത്തല സംഗീതവും അവനൊരുക്കിയതു തന്നെ ...ഒറ്റ സീനിലെ തകർപ്പൻ അഭിനയത്തിലുടെ നല്ല നടനും അവൻ തന്നെ.
ജനനത്തെക്കാൾ വലിയ ശില്പിയോ മരണം? 

സഹപ്രവർത്തകനായ മറ്റൊരു സുഹൃത്തിന്റെ മരണം ഏൽപിച്ച മുറിവ് ഉണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക്ക്.രംഗബോധം ഒട്ടുമില്ലാത്ത മരണം സ്വന്തം ഭാര്യയുടേയും മകന്റെയും കണ്‍മുമ്പിൽ വെച്ച് യാത്ര പോലും പറയാൻ അവസരം കൊടുക്കാതെ കൊണ്ട് പോയത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആയിരിന്നുവല്ലോ.ബൈക്കിൽ സഞ്ചരിക്കുമ്പോൾ കൃത്യം അവരുടെ മുകളിലുടെ തന്നെ മരം പിഴുത് വീഴുകയും ഒരാളെ മാത്രം കൊണ്ട് പോകുകയും ചെയ്തത് ഉൾക്കൊള്ളാൻ ഞങ്ങൾക്ക് പോലും കഴിഞ്ഞിരുന്നില്ല.

ജനനത്തോടെ തുടങ്ങുന്ന അനുഭവങ്ങളെല്ലാം മരണത്തോടെ ഓർമ്മകൾ മാത്രം ...
നിറം മങ്ങി തുടങ്ങിയ സംഭവങ്ങൾ അപ്പോൾ നീറുന്ന ഓർമ്മകളാവും.
ഓരോരുത്തരും ഓർമ്മകളാവുന്നത് വരെ അത് നീറി നീറി നിൽക്കും ...                                                                   

Sunday, October 13, 2013

വീണ്ടുമൊരു ത്യാഗസ്മരണ.....


ഇതൊരു മനുഷ്യ മഹാ പ്രവാഹമാണ്....അണമുറിയാത്ത ഒരുമയുടെ,ത്യാഗത്തിന്റെ, സംതൃപ്തിയുടെ, നന്മയുടെ പ്രവാഹം.വർണ വർഗ വംശ ഭേദമില്ലാതെ,അറബിയും അനറബിയും, പാവപ്പെട്ടവനും പണക്കാരനും,പാശ്ചാത്യനും പൌരസ്ത്യനും, കറുത്തവനും വെളുത്തവനും തോളോട് തോൾ ചേർന്ന് ഒരേ ശബ്ദത്തിൽ ഒരേ രൂപത്തിൽ ഉറക്കെ വിളിച്ച് പറയുന്ന ഏകത്വം.തുന്നി ചേർക്കാത്ത ഒറ്റ മുണ്ടും മേൽമുണ്ടും അണിഞ്ഞ് ഒരേ വേഷത്തിൽ എത്തുന്നവരിൽ ഭുമിയിലെ രാജാക്കന്മാരുണ്ട്,പട്ടിണി പാവങ്ങളുണ്ട് ...എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം. ഏകനായ ദൈവത്തിന്റെ പ്രീതി.ദൈവ കല്പന പ്രകാരം കഅബാലയം പണിഞ്ഞ പ്രവാചകൻ ഇബ്രാഹിം നബിയോട് ദൈവം കൽപിച്ചു ...ലോകത്തുള്ള മുഴുവൻ മനുഷ്യരെയും ഇവിടേക്ക് ഹജ്ജിനായി ക്ഷണിക്കുക.ഇബ്രാഹിം നബി ചോദിച്ചു ...വിജനമായ ഈ മരുഭുമിയിൽ നിന്നും ഞാൻ വിളിച്ചാൽ എങ്ങനെയാണ് ആളുകൾ എത്തുക.ദൈവം കൽപിച്ചു അനുസരിക്കുക മാത്രമാണ് നിന്റെ ബാധ്യത,വിളി കേൾപ്പിക്കുന്നവനും ഇവിടേക്ക് എത്തിക്കുന്നവനും ഞാനാണ്‌.                              ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകിക്കൊണ്ട് ഭൂമിയിൽ മനുഷ്യവാസമുള്ള അഷ്ട ദിക്കുകളിൽ നിന്നും കഴിഞ്ഞ നാല് സഹസ്രാബ്ദങ്ങളായി കാന്തിക പ്രഭാവമുള്ള, ഭൂമിയുടെ ഒത്ത മധ്യത്തിൽ നില കൊള്ളുന്ന മനുഷ്യ വാസത്തിന്റെ ആദ്യ കേന്ദ്രത്തിലേക്ക്... കഅബാലയത്തിലെക്ക് ഒഴുകുകയാണ് ലോകം. രണ്ട് കഷ്ണം തുണിയിൽ ശരീരം പുതച്ച് നാവിൽ ദൈവ സ്തോത്രവും ഉരുവിട്ട് പ്രാദേശികതയുടെയോ ദേശീയതയുടെയോ അതിർവരമ്പുകൾ ഇല്ലാതെ ഒരു കുന്നിൻ ചെരുവിൽ ഒരുമിച്ച്  കൂടുന്ന മനുഷ്യ മഹാ സാഗരം ഓർമപ്പെടുത്തുന്ന ഒരു സത്യമുണ്ട്... അന്ത്യനാളിൽ അവരവരുടെ ഇടങ്ങളിൽ നിന്ന് ദൈവ സന്നിധിയിൽ ഇത് പോലെ ഒരിക്കൽ ഒരുമിച്ച് കൂടണം എന്ന യാഥാർത്ഥ്യം....                        

   ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗത്തിന്റെ പുനരാവിഷ്കാരമാണ് ഹജ്ജിന്റെ കർമങ്ങളിൽ പ്രധാനം.  ഏക ദൈവത്തിൽ അധിഷ്ഠിതമായ ജീവിത ചര്യയുടെ പുന:പ്രകാശനം. ജൂതരും ക്രൈസ്തവരും മുസ്ലിമും ഒരുപോലെ അവകാശം ഉന്നയിക്കുന്ന ഇബ്രാഹിം നബിയുടെ ഏക ദൈവ വിശ്വാസത്തിൽ നിന്ന്  ആദ്യ രണ്ട് വിഭാഗങ്ങളും വ്യതിചലിച്ചപ്പോൾ ഏകത്വത്തെ മുറുകിപ്പിടിക്കുന്ന,ലോകത്തോട്‌ ആഹ്വാനം ചെയ്യുന്ന കർമ്മമാണ്‌ ഹജ്ജ്. കഅബയെ പ്രദക്ഷണം ചെയ്യൽ അതിന്റെ നിർമ്മാണം മുതൽ ഇന്നുവരെ നിലക്കാത്ത....ലോകത്തിന് തന്നെ   തുല്യതയില്ലാത്ത ഒരു പ്രക്രിയയാണ്‌.പിന്നെ മരുഭുമിയിലെ ഒരിക്കലും വറ്റാത്ത നീരുറവ...അങ്ങനെ അത്ഭുതങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ പുണ്യ ഭൂമി.

ഇബ്രാഹിം നബിയുടെയും ഹാജറ എന്ന കറുത്ത എത്യോപ്യൻ അടിമ സ്ത്രീയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തൽ ഓരോ മനുഷ്യനും ഹജ്ജ് എന്ന കർമ്മത്തിലുടെ സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിക്കുകയാണ്.
പ്രവാചകൻ മുഹമ്മദ്‌ നബി (സ:അ) യുടെ വിടവാങ്ങൽ പ്രസംഗം ഓർമപ്പെടുത്തുന്ന ഹജ്ജിന്റെ മർമ്മ പ്രധാനമായ അറഫ സംഗമം ലോക മുസ്ലിമിനെ ഒരു വലിയ കടമയിലെക്ക് എത്തിക്കുന്നു.ആ പ്രസംഗത്തിൽ പ്രവാചകൻ കല്പിച്ച  "ഹാജരുള്ളവർ ഹാജരില്ലാത്തവർക്ക് എത്തിച്ച് കൊടുക്കുക" എന്ന ഉപദേശം ഇന്നും ലോകത്തുള്ള മുഴുവൻ ഹാജിമാരും ഏറ്റു വാങ്ങുന്നു.ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ള എല്ലാ മുസ്ലിമിന്റെയും ദൈവം ഏൽപിച്ച ഒന്നാമത്തെ ദൌത്യം.
ഓരോ ഹജ്ജും ദൈവത്തിന്റെ പ്രീതിക്ക് കാരണമാകുകയും അത് വഴി ഭൂമിയിൽ സമാധാനവും ദൈവ ഹിതം നടപ്പിൽ വരുകയും ചെയ്യട്ടെ എന്ന് ആശിക്കുന്നു.....