ഇതൊരു മനുഷ്യ മഹാ പ്രവാഹമാണ്....അണമുറിയാത്ത ഒരുമയുടെ,ത്യാഗത്തിന്റെ, സംതൃപ്തിയുടെ, നന്മയുടെ പ്രവാഹം.വർണ വർഗ വംശ ഭേദമില്ലാതെ,അറബിയും അനറബിയും, പാവപ്പെട്ടവനും പണക്കാരനും,പാശ്ചാത്യനും പൌരസ്ത്യനും, കറുത്തവനും വെളുത്തവനും തോളോട് തോൾ ചേർന്ന് ഒരേ ശബ്ദത്തിൽ ഒരേ രൂപത്തിൽ ഉറക്കെ വിളിച്ച് പറയുന്ന ഏകത്വം.തുന്നി ചേർക്കാത്ത ഒറ്റ മുണ്ടും മേൽമുണ്ടും അണിഞ്ഞ് ഒരേ വേഷത്തിൽ എത്തുന്നവരിൽ ഭുമിയിലെ രാജാക്കന്മാരുണ്ട്,പട്ടിണി പാവങ്ങളുണ്ട് ...എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം. ഏകനായ ദൈവത്തിന്റെ പ്രീതി.ദൈവ കല്പന പ്രകാരം കഅബാലയം പണിഞ്ഞ പ്രവാചകൻ ഇബ്രാഹിം നബിയോട് ദൈവം കൽപിച്ചു ...ലോകത്തുള്ള മുഴുവൻ മനുഷ്യരെയും ഇവിടേക്ക് ഹജ്ജിനായി ക്ഷണിക്കുക.ഇബ്രാഹിം നബി ചോദിച്ചു ...വിജനമായ ഈ മരുഭുമിയിൽ നിന്നും ഞാൻ വിളിച്ചാൽ എങ്ങനെയാണ് ആളുകൾ എത്തുക.ദൈവം കൽപിച്ചു അനുസരിക്കുക മാത്രമാണ് നിന്റെ ബാധ്യത,വിളി കേൾപ്പിക്കുന്നവനും ഇവിടേക്ക് എത്തിക്കുന്നവനും ഞാനാണ്. ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകിക്കൊണ്ട് ഭൂമിയിൽ മനുഷ്യവാസമുള്ള അഷ്ട ദിക്കുകളിൽ നിന്നും കഴിഞ്ഞ നാല് സഹസ്രാബ്ദങ്ങളായി കാന്തിക പ്രഭാവമുള്ള, ഭൂമിയുടെ ഒത്ത മധ്യത്തിൽ നില കൊള്ളുന്ന മനുഷ്യ വാസത്തിന്റെ ആദ്യ കേന്ദ്രത്തിലേക്ക്... കഅബാലയത്തിലെക്ക് ഒഴുകുകയാണ് ലോകം. രണ്ട് കഷ്ണം തുണിയിൽ ശരീരം പുതച്ച് നാവിൽ ദൈവ സ്തോത്രവും ഉരുവിട്ട് പ്രാദേശികതയുടെയോ ദേശീയതയുടെയോ അതിർവരമ്പുകൾ ഇല്ലാതെ ഒരു കുന്നിൻ ചെരുവിൽ ഒരുമിച്ച് കൂടുന്ന മനുഷ്യ മഹാ സാഗരം ഓർമപ്പെടുത്തുന്ന ഒരു സത്യമുണ്ട്... അന്ത്യനാളിൽ അവരവരുടെ ഇടങ്ങളിൽ നിന്ന് ദൈവ സന്നിധിയിൽ ഇത് പോലെ ഒരിക്കൽ ഒരുമിച്ച് കൂടണം എന്ന യാഥാർത്ഥ്യം....
ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗത്തിന്റെ പുനരാവിഷ്കാരമാണ് ഹജ്ജിന്റെ കർമങ്ങളിൽ പ്രധാനം. ഏക ദൈവത്തിൽ അധിഷ്ഠിതമായ ജീവിത ചര്യയുടെ പുന:പ്രകാശനം. ജൂതരും ക്രൈസ്തവരും മുസ്ലിമും ഒരുപോലെ അവകാശം ഉന്നയിക്കുന്ന ഇബ്രാഹിം നബിയുടെ ഏക ദൈവ വിശ്വാസത്തിൽ നിന്ന് ആദ്യ രണ്ട് വിഭാഗങ്ങളും വ്യതിചലിച്ചപ്പോൾ ഏകത്വത്തെ മുറുകിപ്പിടിക്കുന്ന,ലോകത്തോട് ആഹ്വാനം ചെയ്യുന്ന കർമ്മമാണ് ഹജ്ജ്. കഅബയെ പ്രദക്ഷണം ചെയ്യൽ അതിന്റെ നിർമ്മാണം മുതൽ ഇന്നുവരെ നിലക്കാത്ത....ലോകത്തിന് തന്നെ തുല്യതയില്ലാത്ത ഒരു പ്രക്രിയയാണ്.പിന്നെ മരുഭുമിയിലെ ഒരിക്കലും വറ്റാത്ത നീരുറവ...അങ്ങനെ അത്ഭുതങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ പുണ്യ ഭൂമി.
ഇബ്രാഹിം നബിയുടെയും ഹാജറ എന്ന കറുത്ത എത്യോപ്യൻ അടിമ സ്ത്രീയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തൽ ഓരോ മനുഷ്യനും ഹജ്ജ് എന്ന കർമ്മത്തിലുടെ സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിക്കുകയാണ്.
പ്രവാചകൻ മുഹമ്മദ് നബി (സ:അ) യുടെ വിടവാങ്ങൽ പ്രസംഗം ഓർമപ്പെടുത്തുന്ന ഹജ്ജിന്റെ മർമ്മ പ്രധാനമായ അറഫ സംഗമം ലോക മുസ്ലിമിനെ ഒരു വലിയ കടമയിലെക്ക് എത്തിക്കുന്നു.ആ പ്രസംഗത്തിൽ പ്രവാചകൻ കല്പിച്ച "ഹാജരുള്ളവർ ഹാജരില്ലാത്തവർക്ക് എത്തിച്ച് കൊടുക്കുക" എന്ന ഉപദേശം ഇന്നും ലോകത്തുള്ള മുഴുവൻ ഹാജിമാരും ഏറ്റു വാങ്ങുന്നു.ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ള എല്ലാ മുസ്ലിമിന്റെയും ദൈവം ഏൽപിച്ച ഒന്നാമത്തെ ദൌത്യം.
ഓരോ ഹജ്ജും ദൈവത്തിന്റെ പ്രീതിക്ക് കാരണമാകുകയും അത് വഴി ഭൂമിയിൽ സമാധാനവും ദൈവ ഹിതം നടപ്പിൽ വരുകയും ചെയ്യട്ടെ എന്ന് ആശിക്കുന്നു.....
No comments:
Post a Comment