Thursday, October 17, 2013

മരണമേ നിന്നിലേക്ക്‌ .....

അന്നൊരു ശനിയാഴ്ച ആയിരുന്നു.പതിവ് പോലെ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പോടെയാണ് അന്നും ഉണർന്നത്.ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസത്തിലേക്ക് ആണ് കണ്ണ് ചിമ്മി ഉണരുന്നതെന്ന് അറിയാതെ.....
പെട്ടെന്നാണ് എന്റെ ഫോണ്‍ ശബ്ദിക്കാൻ തുടങ്ങിയത്,അങ്ങേ തലക്കൽ പ്രിയ സുഹൃത്ത്‌ ലത്തീഫ്.ടെലിവിഷൻ ഓണ്‍ ചെയ്യാൻ നിർദേശിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. ഹൃദയമിടിപ്പോടെയാണ്‌ ഞാൻ ആ സത്യത്തിലേക്ക് ഇറങ്ങി ചെന്നത്.ടിവിയിൽ മുഴുവൻ തീയും പുകയും നിലവിളികളും മാത്രം.അതിനിടയിൽ രംഗബോധമില്ലാതെ മൈക്കും പിടിച്ച്  അവതാരകർ എന്തൊക്കെയോ പുലമ്പുന്നു.പെട്ടെന്നാണ് ഇന്നലെ യാത്രയാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട ഇച്ചയുടെ കാര്യം ഓർത്തത്‌.നാഥാ ഈ വിമാനത്തിൽ തന്നെയല്ലേ അദ്ദേഹവും യാത്ര തിരിച്ചത്....

ഞാനും ലത്തീഫും അഷ്റഫും കൂടി അജ്മാനിൽ തുടങ്ങിയ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഞങ്ങൾ സ്നേഹപൂർവ്വം ഇച്ച എന്ന് വിളിക്കുന്ന ബഷീർ.രണ്ട് വർഷം കഴിഞ്ഞ് സ്നേഹ നിധികളായ ഭാര്യയേയും മക്കളെയും കാണാൻ അവധി ചോദിക്കുമ്പോൾ ഒരിക്കലും അറിഞ്ഞില്ല ജീവിതത്തിൽ നിന്ന് തന്നെയാണ് അന്ന് അവധി വാങ്ങിയതെന്ന്.
കാരണം കാണിക്കാതെ, നോട്ടീസ് ഇല്ലാതെ,രാജി വെക്കാതെ, വിട പറയാതെ,ഞങ്ങൾ പറയുമായിരുന്ന നല്ല വാക്കുകൾക്ക് കാത്തുനിൽക്കാതെ അയാൾ പോയി....

ഇത്ര ധൃതിയിൽ എന്തിനാണ് അയാൾ പോയത്....അതും ഇത്ര ദൂരേക്ക് ......

160 യാത്രികരെയും 5 ജീവനക്കാരെയും കൊണ്ട് ദുബായ് യിൽ നിന്നും മംഗലാപുരത്തേക്ക് കുതിച്ച ആ വിമാനത്തിൽ തകർന്നത് ജീവനുകൾ മാത്രമായിരുന്നില്ല,ഒരുപാട് പ്രതീക്ഷകൾ, സ്വപ്‌നങ്ങൾ,സാന്ത്വനങ്ങൾ ഒക്കെയായിരുന്നു.അനാഥരായവരിൽ കുട്ടികൾ മാത്രമായിരുന്നില്ല,ഒറ്റക്കായ ഒരുപാട് ജീവിതങ്ങൾ ഉണ്ടായിരുന്നു.അത്ഭുതകരമായി രക്ഷപ്പെട്ട എട്ടു പേരിൽ ഒരാളായി ഞങ്ങളുടെ പ്രിയപ്പെട്ട ഇച്ച മടങ്ങി വരുമെന്ന ധാരണയിൽ ടിവിക്ക് മുമ്പിൽ ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായി. 

ആകസ്മികതകൾ കൊണ്ടും നഷ്ടങ്ങളുടെ പെരുപ്പം കൊണ്ടും മരണം നമ്മളെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യും.അപ്പോഴും വൈവിധ്യം കൊണ്ട് അത് നമ്മളെ  അത്ഭുതപ്പെടുത്തും. ഒന്നോ രണ്ടോ കരച്ചിലിന്റെ അകമ്പടിയോടെ ഒരു ജനനം നടക്കുന്നുവെങ്കിൽ, മരണം എത്രയോ നാൾ നീണ്ട് നിൽക്കുന്ന വിങ്ങലാണ്,വേദനയോടെയുള്ള ഓർമകളാണ്.
മരണം ചിലപ്പോൾ ഇരകളെ  ഒറ്റക്ക് പിടികൂടും,ചിലപ്പോൾ കൂട്ടത്തോടെ...
ചിലർ അവനെ ക്ഷണിക്കുന്നു  ...  ചിലരെ അവൻ വന്ന്  ക്ഷണിക്കുന്നു.
ചിലപ്പോൾ കൂട്ടത്തോടെ മൈതാനത്തിൽ ഇട്ട് വറുത്തെടുക്കുന്നു...വെള്ളത്തിലേക്ക് താഴ്ത്തി അലിയിച്ച് കളയുന്നു....ഭൂമി പിളർത്തി വിഴുങ്ങുന്നു....
ജീവിതമെന്ന തിര നാടകത്തിലെ എല്ലാ അവാർഡുകളും മരണത്തിന് തന്നെ ...നല്ല കഥയും തിരക്കഥയും അവന്റെത്‌....പശ്ചാത്തല സംഗീതവും അവനൊരുക്കിയതു തന്നെ ...ഒറ്റ സീനിലെ തകർപ്പൻ അഭിനയത്തിലുടെ നല്ല നടനും അവൻ തന്നെ.
ജനനത്തെക്കാൾ വലിയ ശില്പിയോ മരണം? 

സഹപ്രവർത്തകനായ മറ്റൊരു സുഹൃത്തിന്റെ മരണം ഏൽപിച്ച മുറിവ് ഉണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക്ക്.രംഗബോധം ഒട്ടുമില്ലാത്ത മരണം സ്വന്തം ഭാര്യയുടേയും മകന്റെയും കണ്‍മുമ്പിൽ വെച്ച് യാത്ര പോലും പറയാൻ അവസരം കൊടുക്കാതെ കൊണ്ട് പോയത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആയിരിന്നുവല്ലോ.ബൈക്കിൽ സഞ്ചരിക്കുമ്പോൾ കൃത്യം അവരുടെ മുകളിലുടെ തന്നെ മരം പിഴുത് വീഴുകയും ഒരാളെ മാത്രം കൊണ്ട് പോകുകയും ചെയ്തത് ഉൾക്കൊള്ളാൻ ഞങ്ങൾക്ക് പോലും കഴിഞ്ഞിരുന്നില്ല.

ജനനത്തോടെ തുടങ്ങുന്ന അനുഭവങ്ങളെല്ലാം മരണത്തോടെ ഓർമ്മകൾ മാത്രം ...
നിറം മങ്ങി തുടങ്ങിയ സംഭവങ്ങൾ അപ്പോൾ നീറുന്ന ഓർമ്മകളാവും.
ഓരോരുത്തരും ഓർമ്മകളാവുന്നത് വരെ അത് നീറി നീറി നിൽക്കും ...                                                                   

1 comment: