Thursday, October 17, 2013

രോഗികളെ തെരയുന്ന കഴുകന്മാർ

"സേവനം" എന്ന വാക്കിന്റെ അർത്ഥം ഒരിക്കൽ കൂടി തെരയേണ്ട ഈ കാലത്ത് എന്റെ പ്രതിഷേധത്തിന് മൂല്യം ഉണ്ടോ എന്നറിയില്ല.എങ്കിലും കുറച്ച് നാളുകളായി പുറത്തേക്ക് തെകുട്ടുന്ന എന്റെ ഉള്ളിലെ ഇനിയും മരിക്കാത്ത പ്രതികരണ ശേഷി, എന്നെ കൂടെയുള്ളവരുടെ ഇടയിലെ നിഷേധി ആക്കുന്നു.ഞാൻ കൂടി ഭാഗമായ ആതുര സേവനം എന്ന ഓമനപേരിൽ അറിയപ്പെടുന്ന കഴുത്തറുപ്പൻ ബിസിനസ്‌ ശ്രിംഖല ഇന്ന് എല്ലാ സീമകളും തകർത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു.നേതാക്കന്മാരുടെ ഏറാൻമൂളികൾ ആയ ഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ പാവം നമ്മൾ പൊതുജനം ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ ഇവരുടെ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.നമ്മുടെ നാടും പ്രകൃതിയും കാടുകളും പുഴകളും സമ്പത്തും സംസ്കാരവും എല്ലാം ഒരു വിഭാഗം കവർന്നെടുക്കുന്നത് നമ്മൾ നോക്കി നിന്നു. സ്വന്തം എന്ന് അഹങ്കരിക്കുന്ന നമ്മുടെ ശരീരവും ആരോഗ്യവും കൂടി ഇനി നഷ്ടപ്പെടുത്താൻ കഴുകന്റെ കണ്ണുകളുമായി കാത്തിരിക്കുന്ന ഒരു വിഭാഗം നമ്മുടെ നാടുകളിൽ വല വീശി തുടങ്ങിയിരിക്കുന്നു.
ഓരോ കവലകളിലും മത്സരിച്ച് തുടങ്ങുന്ന പുതിയ സ്വകാര്യ ആശുപത്രികൾ ലാഭക്കൊതി മൂത്ത് നമ്മളെ പിഴിയുന്നത്, നമ്മുടെ ആരോഗ്യം നഷ്ടപ്പെടുത്തിക്കൊണ്ട്‌ ആണെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല.
പേരിന്റെ മുമ്പിൽ രണ്ടക്ഷരം കൂട്ടി ചേർക്കുന്നത് സ്റ്റാറ്റസ് സിംബലും വിവാഹ മാർക്കറ്റിൽ വിലയുമുള്ളപ്പോൾ പലിശക്ക് എടുത്തിട്ട് ആണെങ്കിലും ലക്ഷങ്ങൾ കൊടുത്ത് മെഡിസിനു ചേരുന്ന സ്നോബുകൾ വിരിഞ്ഞ് പുറത്ത് വരുന്നത് ഒരു നാടിന്റെ ആരോഗ്യം നശിപ്പിക്കാൻ ആവരുത്.ഈയിടക്ക് മെഡിക്കൽ എന്ട്രൻസ് പരീക്ഷയുടെ സാമൂഹിക ചോദ്യത്തിൽ A.P.J.അബ്ദുൽ കലാം ആരെന്ന ചോദ്യത്തിന് ബഹുഭൂരിപക്ഷം ഭാവി ഡോക്ടർമാരും തെറ്റി പറഞ്ഞത് ഓർമയിൽ വരുന്നു.പ്രതിബദ്ധത ഇല്ലാത്ത ഒരു വിഭാഗം ഡോക്ടർമാർ സാധാരണക്കാരായ രോഗികളുടെ മേൽ പരീക്ഷണം നടത്തി പഠിത്തത്തിനു ചെലവായ പണം സ്വരൂപിക്കാൻ കാണിക്കുന്ന അത്യാർത്തി തിരിച്ചറിഞ്ഞേ തീരു.ആവശ്യമില്ല്ലാത്ത  ടെസ്റ്റുകളും മരുന്നുകളും തന്ന് നമ്മുടെ ശരീരം  പ്രതിരോധ ശേഷി നഷ്ടപ്പെട്ട് ചെറിയ അണുബാധകൾ പോലും സ്വയം പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നമ്മളെ ഇവർ എത്തിക്കും.ലാബുകളിൽ നിന്നും ഇവർക്ക് കിട്ടുന്ന കമ്മിഷൻ പരസ്യമായ ഒരു രഹസ്യമാണല്ലോ.

ഇതൊക്കെ സഹിക്കാം പക്ഷെ ആവശ്യത്തിന് അറിവ് കൂടി ഇല്ലെങ്കിൽ എന്ത് ചെയ്യും.ചിക്കൻ ഗുനിയ പടർന്നു പിടിക്കുന്ന സമയത്ത് ഒരു ബന്ധുവിനെയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ ഒരു റിട്ടയേർഡ്‌ ഡോക്ടർ പറഞ്ഞത് ചിക്കൻ അമിതമായി കഴിക്കരുത് എന്ന് പറഞ്ഞാൽ ആളുകൾ കേൾക്കില്ല എന്നാണ്.കൊതുക് മൂലമല്ലേ ഡോക്ടർ ചിക്കൻ ഗുനിയ പടരുന്നത് എന്നൊന്നും ചോദിക്കരുത്.കാരണം കഥയിൽ ചോദ്യമില്ല എന്നത് പോലെ ദൈവത്തിന്റെ പ്രതി പുരുഷന്മാരെ ചോദ്യം ചെയ്യാൻ പാടില്ലല്ലോ.മോഹൻലാൽ പ്രകീർത്തിച്ച് എഴുതിയ ഫൈവ് സ്റ്റാർ താരങ്ങളെ ചികിത്സിക്കുന്ന ഫൈവ് സ്റ്റാർ ഡോക്ടർമാരുടെ കാര്യം അല്ല ഈ പറയുന്നത് കേട്ടോ.കുരച്ചും ചുമച്ചും സർക്കാർ ആശുപത്രികളിലും ഗതിയില്ലാതെ സ്വകാര്യ ആശുപത്രികളിലും പോകേണ്ടി വരുന്ന സാധാരണക്കാരെ പിഴിയുന്നവരെ കുറിച്ചാണ്.

പതിന്നാല് വർഷം ആരോഗ്യ രംഗത്ത് ഉള്ള അനുഭവം വെച്ച് വളരെ അപൂർവ്വം ചില ജെനിസുകളെ മാറ്റി നിർത്തിയാൽ ഒറ്റ ഒരെണ്ണം ശരിയല്ല.കോടികൾ വെച്ച് കളിക്കുന്ന അഴിമതിക്കാരെ നമുക്ക് സഹിക്കാം,പറഞ്ഞു പറ്റിച്ച് വോട്ട് വാങ്ങി സ്വന്തം കീശ വീർപ്പിക്കുന്ന നേതാക്കളോട്  നമുക്ക് പൊറുക്കാം,ജാതിയും മതവും പറഞ്ഞ് തമ്മിലടിപ്പിക്കുന്ന വർഗീയ വാദികളെ നമുക്ക് അവഗണിക്കാം,എന്തിനും ഏതിനും ഉളുപ്പില്ലാതെ പിച്ചക്കാരെ പോലെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ നമുക്ക് ഒഴിവാക്കാം.പക്ഷെ രോഗികൾക്ക് സ്വാന്തനം ആകേണ്ട,ഏറ്റവും പരിചരണം ആവശ്യമുള്ള പാവങ്ങളെ പിഴിയുന്ന ഇവറ്റകളോട് പൊറുക്കാൻ സാധിക്കുമോ.പാവങ്ങൾ ദൈവത്തിന് സമമായി കാണുന്ന അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്യാമോ.ഭീമൻ കമ്പനികളിൽ നിന്ന് അച്ചാരം വാങ്ങി പാവങ്ങളുടെ മേൽ മരുന്ന് പരീക്ഷണം നടത്തി ഒരു തലമുറയുടെ ആരോഗ്യം നശിപ്പിച്ച് എന്നും നിത്യ രോഗികളാക്കി നിങ്ങളുടെ ആശുപത്രികളുടെയും വീടിന്റെയും മുമ്പിലെ ക്യു  വലുതാക്കണോ.
പ്രതികരണ ശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ പ്രതികരിക്കു.അടുത്ത തലമുറ എങ്കിലും രക്ഷപ്പെടട്ടെ.                                          
  

മരണമേ നിന്നിലേക്ക്‌ .....

അന്നൊരു ശനിയാഴ്ച ആയിരുന്നു.പതിവ് പോലെ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പോടെയാണ് അന്നും ഉണർന്നത്.ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസത്തിലേക്ക് ആണ് കണ്ണ് ചിമ്മി ഉണരുന്നതെന്ന് അറിയാതെ.....
പെട്ടെന്നാണ് എന്റെ ഫോണ്‍ ശബ്ദിക്കാൻ തുടങ്ങിയത്,അങ്ങേ തലക്കൽ പ്രിയ സുഹൃത്ത്‌ ലത്തീഫ്.ടെലിവിഷൻ ഓണ്‍ ചെയ്യാൻ നിർദേശിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. ഹൃദയമിടിപ്പോടെയാണ്‌ ഞാൻ ആ സത്യത്തിലേക്ക് ഇറങ്ങി ചെന്നത്.ടിവിയിൽ മുഴുവൻ തീയും പുകയും നിലവിളികളും മാത്രം.അതിനിടയിൽ രംഗബോധമില്ലാതെ മൈക്കും പിടിച്ച്  അവതാരകർ എന്തൊക്കെയോ പുലമ്പുന്നു.പെട്ടെന്നാണ് ഇന്നലെ യാത്രയാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട ഇച്ചയുടെ കാര്യം ഓർത്തത്‌.നാഥാ ഈ വിമാനത്തിൽ തന്നെയല്ലേ അദ്ദേഹവും യാത്ര തിരിച്ചത്....

ഞാനും ലത്തീഫും അഷ്റഫും കൂടി അജ്മാനിൽ തുടങ്ങിയ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഞങ്ങൾ സ്നേഹപൂർവ്വം ഇച്ച എന്ന് വിളിക്കുന്ന ബഷീർ.രണ്ട് വർഷം കഴിഞ്ഞ് സ്നേഹ നിധികളായ ഭാര്യയേയും മക്കളെയും കാണാൻ അവധി ചോദിക്കുമ്പോൾ ഒരിക്കലും അറിഞ്ഞില്ല ജീവിതത്തിൽ നിന്ന് തന്നെയാണ് അന്ന് അവധി വാങ്ങിയതെന്ന്.
കാരണം കാണിക്കാതെ, നോട്ടീസ് ഇല്ലാതെ,രാജി വെക്കാതെ, വിട പറയാതെ,ഞങ്ങൾ പറയുമായിരുന്ന നല്ല വാക്കുകൾക്ക് കാത്തുനിൽക്കാതെ അയാൾ പോയി....

ഇത്ര ധൃതിയിൽ എന്തിനാണ് അയാൾ പോയത്....അതും ഇത്ര ദൂരേക്ക് ......

160 യാത്രികരെയും 5 ജീവനക്കാരെയും കൊണ്ട് ദുബായ് യിൽ നിന്നും മംഗലാപുരത്തേക്ക് കുതിച്ച ആ വിമാനത്തിൽ തകർന്നത് ജീവനുകൾ മാത്രമായിരുന്നില്ല,ഒരുപാട് പ്രതീക്ഷകൾ, സ്വപ്‌നങ്ങൾ,സാന്ത്വനങ്ങൾ ഒക്കെയായിരുന്നു.അനാഥരായവരിൽ കുട്ടികൾ മാത്രമായിരുന്നില്ല,ഒറ്റക്കായ ഒരുപാട് ജീവിതങ്ങൾ ഉണ്ടായിരുന്നു.അത്ഭുതകരമായി രക്ഷപ്പെട്ട എട്ടു പേരിൽ ഒരാളായി ഞങ്ങളുടെ പ്രിയപ്പെട്ട ഇച്ച മടങ്ങി വരുമെന്ന ധാരണയിൽ ടിവിക്ക് മുമ്പിൽ ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായി. 

ആകസ്മികതകൾ കൊണ്ടും നഷ്ടങ്ങളുടെ പെരുപ്പം കൊണ്ടും മരണം നമ്മളെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യും.അപ്പോഴും വൈവിധ്യം കൊണ്ട് അത് നമ്മളെ  അത്ഭുതപ്പെടുത്തും. ഒന്നോ രണ്ടോ കരച്ചിലിന്റെ അകമ്പടിയോടെ ഒരു ജനനം നടക്കുന്നുവെങ്കിൽ, മരണം എത്രയോ നാൾ നീണ്ട് നിൽക്കുന്ന വിങ്ങലാണ്,വേദനയോടെയുള്ള ഓർമകളാണ്.
മരണം ചിലപ്പോൾ ഇരകളെ  ഒറ്റക്ക് പിടികൂടും,ചിലപ്പോൾ കൂട്ടത്തോടെ...
ചിലർ അവനെ ക്ഷണിക്കുന്നു  ...  ചിലരെ അവൻ വന്ന്  ക്ഷണിക്കുന്നു.
ചിലപ്പോൾ കൂട്ടത്തോടെ മൈതാനത്തിൽ ഇട്ട് വറുത്തെടുക്കുന്നു...വെള്ളത്തിലേക്ക് താഴ്ത്തി അലിയിച്ച് കളയുന്നു....ഭൂമി പിളർത്തി വിഴുങ്ങുന്നു....
ജീവിതമെന്ന തിര നാടകത്തിലെ എല്ലാ അവാർഡുകളും മരണത്തിന് തന്നെ ...നല്ല കഥയും തിരക്കഥയും അവന്റെത്‌....പശ്ചാത്തല സംഗീതവും അവനൊരുക്കിയതു തന്നെ ...ഒറ്റ സീനിലെ തകർപ്പൻ അഭിനയത്തിലുടെ നല്ല നടനും അവൻ തന്നെ.
ജനനത്തെക്കാൾ വലിയ ശില്പിയോ മരണം? 

സഹപ്രവർത്തകനായ മറ്റൊരു സുഹൃത്തിന്റെ മരണം ഏൽപിച്ച മുറിവ് ഉണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക്ക്.രംഗബോധം ഒട്ടുമില്ലാത്ത മരണം സ്വന്തം ഭാര്യയുടേയും മകന്റെയും കണ്‍മുമ്പിൽ വെച്ച് യാത്ര പോലും പറയാൻ അവസരം കൊടുക്കാതെ കൊണ്ട് പോയത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആയിരിന്നുവല്ലോ.ബൈക്കിൽ സഞ്ചരിക്കുമ്പോൾ കൃത്യം അവരുടെ മുകളിലുടെ തന്നെ മരം പിഴുത് വീഴുകയും ഒരാളെ മാത്രം കൊണ്ട് പോകുകയും ചെയ്തത് ഉൾക്കൊള്ളാൻ ഞങ്ങൾക്ക് പോലും കഴിഞ്ഞിരുന്നില്ല.

ജനനത്തോടെ തുടങ്ങുന്ന അനുഭവങ്ങളെല്ലാം മരണത്തോടെ ഓർമ്മകൾ മാത്രം ...
നിറം മങ്ങി തുടങ്ങിയ സംഭവങ്ങൾ അപ്പോൾ നീറുന്ന ഓർമ്മകളാവും.
ഓരോരുത്തരും ഓർമ്മകളാവുന്നത് വരെ അത് നീറി നീറി നിൽക്കും ...                                                                   

Sunday, October 13, 2013

വീണ്ടുമൊരു ത്യാഗസ്മരണ.....


ഇതൊരു മനുഷ്യ മഹാ പ്രവാഹമാണ്....അണമുറിയാത്ത ഒരുമയുടെ,ത്യാഗത്തിന്റെ, സംതൃപ്തിയുടെ, നന്മയുടെ പ്രവാഹം.വർണ വർഗ വംശ ഭേദമില്ലാതെ,അറബിയും അനറബിയും, പാവപ്പെട്ടവനും പണക്കാരനും,പാശ്ചാത്യനും പൌരസ്ത്യനും, കറുത്തവനും വെളുത്തവനും തോളോട് തോൾ ചേർന്ന് ഒരേ ശബ്ദത്തിൽ ഒരേ രൂപത്തിൽ ഉറക്കെ വിളിച്ച് പറയുന്ന ഏകത്വം.തുന്നി ചേർക്കാത്ത ഒറ്റ മുണ്ടും മേൽമുണ്ടും അണിഞ്ഞ് ഒരേ വേഷത്തിൽ എത്തുന്നവരിൽ ഭുമിയിലെ രാജാക്കന്മാരുണ്ട്,പട്ടിണി പാവങ്ങളുണ്ട് ...എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം. ഏകനായ ദൈവത്തിന്റെ പ്രീതി.ദൈവ കല്പന പ്രകാരം കഅബാലയം പണിഞ്ഞ പ്രവാചകൻ ഇബ്രാഹിം നബിയോട് ദൈവം കൽപിച്ചു ...ലോകത്തുള്ള മുഴുവൻ മനുഷ്യരെയും ഇവിടേക്ക് ഹജ്ജിനായി ക്ഷണിക്കുക.ഇബ്രാഹിം നബി ചോദിച്ചു ...വിജനമായ ഈ മരുഭുമിയിൽ നിന്നും ഞാൻ വിളിച്ചാൽ എങ്ങനെയാണ് ആളുകൾ എത്തുക.ദൈവം കൽപിച്ചു അനുസരിക്കുക മാത്രമാണ് നിന്റെ ബാധ്യത,വിളി കേൾപ്പിക്കുന്നവനും ഇവിടേക്ക് എത്തിക്കുന്നവനും ഞാനാണ്‌.                              ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകിക്കൊണ്ട് ഭൂമിയിൽ മനുഷ്യവാസമുള്ള അഷ്ട ദിക്കുകളിൽ നിന്നും കഴിഞ്ഞ നാല് സഹസ്രാബ്ദങ്ങളായി കാന്തിക പ്രഭാവമുള്ള, ഭൂമിയുടെ ഒത്ത മധ്യത്തിൽ നില കൊള്ളുന്ന മനുഷ്യ വാസത്തിന്റെ ആദ്യ കേന്ദ്രത്തിലേക്ക്... കഅബാലയത്തിലെക്ക് ഒഴുകുകയാണ് ലോകം. രണ്ട് കഷ്ണം തുണിയിൽ ശരീരം പുതച്ച് നാവിൽ ദൈവ സ്തോത്രവും ഉരുവിട്ട് പ്രാദേശികതയുടെയോ ദേശീയതയുടെയോ അതിർവരമ്പുകൾ ഇല്ലാതെ ഒരു കുന്നിൻ ചെരുവിൽ ഒരുമിച്ച്  കൂടുന്ന മനുഷ്യ മഹാ സാഗരം ഓർമപ്പെടുത്തുന്ന ഒരു സത്യമുണ്ട്... അന്ത്യനാളിൽ അവരവരുടെ ഇടങ്ങളിൽ നിന്ന് ദൈവ സന്നിധിയിൽ ഇത് പോലെ ഒരിക്കൽ ഒരുമിച്ച് കൂടണം എന്ന യാഥാർത്ഥ്യം....                        

   ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗത്തിന്റെ പുനരാവിഷ്കാരമാണ് ഹജ്ജിന്റെ കർമങ്ങളിൽ പ്രധാനം.  ഏക ദൈവത്തിൽ അധിഷ്ഠിതമായ ജീവിത ചര്യയുടെ പുന:പ്രകാശനം. ജൂതരും ക്രൈസ്തവരും മുസ്ലിമും ഒരുപോലെ അവകാശം ഉന്നയിക്കുന്ന ഇബ്രാഹിം നബിയുടെ ഏക ദൈവ വിശ്വാസത്തിൽ നിന്ന്  ആദ്യ രണ്ട് വിഭാഗങ്ങളും വ്യതിചലിച്ചപ്പോൾ ഏകത്വത്തെ മുറുകിപ്പിടിക്കുന്ന,ലോകത്തോട്‌ ആഹ്വാനം ചെയ്യുന്ന കർമ്മമാണ്‌ ഹജ്ജ്. കഅബയെ പ്രദക്ഷണം ചെയ്യൽ അതിന്റെ നിർമ്മാണം മുതൽ ഇന്നുവരെ നിലക്കാത്ത....ലോകത്തിന് തന്നെ   തുല്യതയില്ലാത്ത ഒരു പ്രക്രിയയാണ്‌.പിന്നെ മരുഭുമിയിലെ ഒരിക്കലും വറ്റാത്ത നീരുറവ...അങ്ങനെ അത്ഭുതങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ പുണ്യ ഭൂമി.

ഇബ്രാഹിം നബിയുടെയും ഹാജറ എന്ന കറുത്ത എത്യോപ്യൻ അടിമ സ്ത്രീയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തൽ ഓരോ മനുഷ്യനും ഹജ്ജ് എന്ന കർമ്മത്തിലുടെ സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിക്കുകയാണ്.
പ്രവാചകൻ മുഹമ്മദ്‌ നബി (സ:അ) യുടെ വിടവാങ്ങൽ പ്രസംഗം ഓർമപ്പെടുത്തുന്ന ഹജ്ജിന്റെ മർമ്മ പ്രധാനമായ അറഫ സംഗമം ലോക മുസ്ലിമിനെ ഒരു വലിയ കടമയിലെക്ക് എത്തിക്കുന്നു.ആ പ്രസംഗത്തിൽ പ്രവാചകൻ കല്പിച്ച  "ഹാജരുള്ളവർ ഹാജരില്ലാത്തവർക്ക് എത്തിച്ച് കൊടുക്കുക" എന്ന ഉപദേശം ഇന്നും ലോകത്തുള്ള മുഴുവൻ ഹാജിമാരും ഏറ്റു വാങ്ങുന്നു.ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ള എല്ലാ മുസ്ലിമിന്റെയും ദൈവം ഏൽപിച്ച ഒന്നാമത്തെ ദൌത്യം.
ഓരോ ഹജ്ജും ദൈവത്തിന്റെ പ്രീതിക്ക് കാരണമാകുകയും അത് വഴി ഭൂമിയിൽ സമാധാനവും ദൈവ ഹിതം നടപ്പിൽ വരുകയും ചെയ്യട്ടെ എന്ന് ആശിക്കുന്നു.....                                                 

Tuesday, September 24, 2013

തുഷാരഗിരിയിലെ മുത്തശ്ശി മരം

 "ലക്ഷ്യത്തിലേക്ക് മാത്രം ചിന്തിക്കാതിരിക്കുക,മനോഹരമായ യാത്രയെ കുറിച്ച് ചിന്തിക്കുക.എത്തിച്ചേരേണ്ട സ്ഥലത്തെ കുറിച്ച് മാത്രം ചിന്തിച്ചാൽ നിൻറെ യാത്ര  നിനക്ക് നഷ്ടപ്പെടും".തുഷാര ഗിരിയിലെ യാത്രയിൽ ആരോ എഴുതിയ ഈ വാചകങ്ങൾഅന്വർഥമാകുന്നത് ഞാൻ തിരിച്ചറിയുകയായിരുന്നു.ഒട്ടും പ്ലാൻ ചെയ്യാതെയുള്ള ആ യാത്ര അവിസ്മരണീയമായതും അത് കൊണ്ടാവും.ആ നാട്ടുകാരനായ സുഹൃത്തിനെ കൂടെ കൂട്ടിയതിനാൽ പാർക്കിംഗ് ഫീസ്‌ കൊടുക്കാതെ വടക്കൻ ഭാഷയിൽ പറഞ്ഞാൽ "കഴിച്ചിലായി".

മഴ എന്നുമെന്റെ ബലഹീനതയാണ്,അതിനെക്കാൾ ആവേശമാണ് വെള്ളച്ചാട്ടങ്ങളുടെ ആരവം.അതിലേക്ക് ഇഴുകി ചേരുമ്പോൾ അറിയാതെ അടക്കി വെച്ചിരിക്കുന്ന കുട്ടിക്കാലത്തെ കുസൃതിത്തരങ്ങൾ പുറത്തേക്ക് ചാടും.ആവേശം ഒട്ടും ചോരാതെ മുകളിൽ നിന്നും തുള്ളി ചാടി താഴേക്ക് പതിക്കുന്ന വെള്ളതുള്ളികളിൽ ഒന്നായി മാറാൻ ഞാനും കൊതിച്ചു.പിന്നീട് ശാന്തമായി അനുസരണയോടെ ഒഴുകി പാറക്കെട്ടുകളെ തലോടി എന്റെ കാലിന് കുളിർമയേകി ആർക്കും പിടി കൊടുക്കാതെ എങ്ങോ പോയി മറയുന്ന ആ തുള്ളികളോട് എനിക്ക് അസൂയയാണ്.    

സാധാരണ മരങ്ങൾ നൽകുന്ന തണൽ നമുക്ക് വലിയ ആശ്വാസമാണ്.മുത്തശ്ശിമാരുടെ സ്നേഹം അനുഭവിക്കാത്തവർ വിരളമാണ്.അവരുടെ ഉള്ളും പുറവും സ്നേഹം മാത്രമേയുള്ളൂ. അതുപോലെ ഒരു അനുഭവമാണ്‌ ഈ മുത്തശ്ശി മരവും തരുന്നത്.നമ്മളെ ചേർത്ത് പിടിച്ച് ഉള്ളിലേക്ക് വലിച്ച് അടുപ്പിക്കും.നമ്മൾ പേടിക്കാതിരിക്കാൻ നമുക്ക് മുകൾ ഭാഗം തുറന്ന് കാറ്റും  വെളിച്ചവും തരും. ഉള്ളിൽ കയറിയാൽ ആകാശം കാണാം.ഇലകൾക്കിടയിലുടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികൾ മുത്തശ്ശിയുടെ പല കഥകളും പറഞ്ഞ് തരും.അത് കേട്ട് മുത്തശ്ശി തലയാട്ടും.അപ്പൊ ആ രശ്മികൾ കുലുങ്ങി ചിരിക്കുന്നത് കാണാൻ നല്ല രസമാണ്. 
   
തുഷാര ഗിരിയെ സംരക്ഷിച്ച് കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന ഈ കൊമ്പനെ അവഗണിച്ച് കൊണ്ട് ആർക്കാണ്‌ മുമ്പോട്ട് പോകാൻ കഴിയുക   
    ഒരിക്കലും മറക്കാനാകാത്ത ഒരു പകൽ സമ്മാനിച്ച തുഷാര ഗിരി ഇപ്പോഴും എന്നെ മാടി വിളിക്കുന്നു.മുത്തശ്ശിക്ക് കൊടുത്ത വാക്ക് പാലിച്ച് കൊണ്ട് ആ  മടിയിൽ തല വെച്ച് ഇനിയും ഒരുപാട് കഥകൾ കേൾക്കണം.                  

Sunday, August 25, 2013

ഖാലിദ് ......നീയെവിടെയാണ്

തണുപ്പുള്ള ഒരു പുലർകാലം.അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്.ഖാലിദ്‌ റാസ എന്ന സുന്ദരനായ കശ്മീരിയെ.തോളിൽ ഒരു ബാഗും ചുമന്ന് അവൻ എന്റെ മുന്നിൽ വന്ന് പുഞ്ചിരിച്ചപ്പോൾ ആ കണ്ണുകളിലെ തിളക്കം അന്നേ ശ്രദ്ധിച്ചിരുന്നു.പിന്നീട് എപ്പോഴാണ് അവൻ എന്റെ ആത്മ മിത്രമായതെന്നു അറിയില്ല.  ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ പറ്റി പറഞ്ഞാൽ അവൻ കളിയാക്കുമായിരുന്നു.ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ അവന്റെ നാടിനെ പറ്റി പറയാൻ എന്നും നൂറു നാവായിരുന്നു അവന്.ബാരമുള്ള ജില്ലയിലെ ഉറി എന്ന മനോഹരമായ താഴ്വരയിലാണ് അവൻ ജനിച്ചതും വളർന്നതും.ഛലം നദിയുടെ തീരത്ത് അനുകരണീയമായ ഒരു സംസ്കൃതിയുടെ ഉടമകൾ.അതിർത്തിയിൽ നിന്നും പതിനെട്ട് കിലോമീറ്റർ മാത്രം ദൂരമുള്ള വിനോദ സഞ്ചാരികളുടെ പറുദീസ.

കാശ്മീർ തീവ്രവാദത്തെ അസഹിഷ്ണുതയോടെ മാത്രം കണ്ടിരുന്ന എനിക്ക് പലപ്പോഴും അവനോട് തർക്കിക്കേണ്ടി വന്നിട്ടുണ്ട്.അപ്പോഴെല്ലാം വർദ്ധിത വീര്യത്തോടെ അവൻ പറയും...
ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം,ഞങ്ങൾ ഒരിക്കലും ഇന്ത്യയുടെയോ പാകിസ്താനിന്റെയോ ഭാഗമല്ലായിരുന്നു.
ഞങ്ങളെ തീവ്രവാദികൾ എന്ന് വിളിക്കരുത്,മതമല്ല ഞങ്ങളുടെ ദേശീയതയാണ്,സംസ്കൃതിയാണ് ഞങ്ങളെ ഒന്നിച്ചു നിർത്തുന്നത്.ഇത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്.ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങൾ നിഷേധിക്കരുത്.ഭരണകൂടം എന്ത് മേൽവിലാസം തന്നാലും ചരിത്രകാരന്മാർ ഞങ്ങളെ എന്ത് പേരിട്ട് വിളിച്ചാലും,മാധ്യമങ്ങൾ എന്ത് ഛർദിച്ചാലും അത് അപ്പാടെ വിഴുങ്ങുന്ന നിങ്ങൾക്ക് മുമ്പിൽ ഞങ്ങൾ എങ്ങനെ അവതരിപ്പിക്കപ്പെട്ടാലും .....       
    ഞാൻ ചോദിച്ചു ...അക്രമത്തിലൂടെ എന്ത് സ്വാതന്ത്ര്യം ആണ് നിങ്ങൾ കാംക്ഷിക്കുന്നത്. ഇന്ത്യയിൽ നിങ്ങൾ സ്വതന്ത്രരല്ലേ.ഈ പോരാട്ടത്തിൽ നിരപരാധികളും ശിക്ഷിക്കപ്പെടില്ലേ.
അവൻ പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞു നിങ്ങളുടെ പട്ടാളം ഞങ്ങളെ വേട്ടയാടുകയാണ്.ഞങ്ങളെ തോക്കിൻ കുഴലിൽ നിർത്തിയിട്ട് സ്ത്രീകളെ ഉപദ്രവിച്ചാൽ ഞങ്ങൾ പിന്നെ എന്താണ് ചെയ്യുക. ഞങ്ങൾ അവസാനം വരെ പോരാടും.ഇടക്ക് ജീവൻ നഷ്ടപ്പെടുന്നവർ രക്ത സാക്ഷികളാണ്.നിങ്ങൾ അവരെ എന്ത് പേരിട്ട് വിളിച്ചാലും.

ഞാനോർത്തു ..ചരിത്രം എന്നും ഇരകൾക്കും വേട്ടക്കാരനും രണ്ടാണല്ലോ.സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി രക്തസാക്ഷികൾ ആയ ഇന്ത്യക്കാർ വെള്ളക്കാർക്ക് എന്നും കൊടും ഭീകരർ ആയിരുന്നു.
എന്നിട്ടും നിങ്ങളുടെ പാതയെ അംഗീകരിക്കാൻ കഴിയുന്നില്ലല്ലോ ഖാലിദ്‌......

എന്താണ് നിന്റെ ലക്ഷ്യം ..ഞാൻ ചോദിച്ചു .

ഞങ്ങളുടെ നാട്ടിൽ ...ഉറിയിൽ ...വൃദ്ധരും ചെറുപ്പക്കാരും കുറവാണ്.കുട്ടികൾ ആണ് കൂടുതൽ.അതിർത്തിയിൽ താമസിക്കുന്ന ഞങ്ങളാണല്ലോ എല്ലാ യുദ്ധങ്ങളുടെയും ഇരകൾ.ഈ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കണം,പുതിയ ഒരു തലമുറക്കായ്....വെടിയൊച്ചകൾക്കും നിലവിളികൾക്കും സ്ഫോടനങ്ങൾക്കും നടുവിൽ കഴിയുന്ന ഞങ്ങൾക്ക് ജീവിതമുണ്ടെന്ന് അഹങ്കരിക്കാൻ ആകില്ല.സ്വപ്നം കാണാനുള്ള അവകാശവും ഇല്ല.

അവന്റെ കണ്ണുകൾ ചുവന്നിരുന്നു.ബന്ധുക്കൾ കുട്ടിക്കാലത്ത് നഷ്ടപ്പെട്ട അവന്റെ ഉള്ളിൽ ഒരു നെരിപോട് എരിയുന്നത് എനിക്ക് കാണാമായിരുന്നു.എങ്കിലും ഞാൻ ആശ്വസിച്ചു,ആയുധം എടുക്കുമെന്ന് അവൻ പറഞ്ഞില്ലല്ലോ.എന്റെ നാട്ടിലെ സമാധാനവും ശാന്തിയും കണ്ടു വളർന്നത്‌ കൊണ്ടായിരിക്കാം നിന്നെ പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്തത്.

പഠനം പൂർത്തിയാക്കി അവൻ  നാട്ടിലേക്ക് ട്രെയിൻ കയറുമ്പോൾ ഒരിക്കലും കരുതിയില്ല ഇത് അവസാന കൂടിക്കാഴ്ച ആകുമെന്ന്.ഒരുപാട് അന്വേഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം .പത്രങ്ങളിൽ ഉറിയുടെ വാർത്തകൾ വരുമ്പോൾ ഇന്നും ഒരു നെഞ്ചിടിപ്പോടെ ഞാൻ അവന്റെ പേര് തിരയാറുണ്ട്.പക്ഷെ അപ്പോഴും മനസ്സ് പറയാറുണ്ട് എന്നെങ്കിലും ഒരിക്കൽ ആ പഴയ പുഞ്ചിരിയുമായ് എന്റെ മുമ്പിൽ അവൻ വന്ന് നിൽക്കും...പതിന്നാലു വർഷങ്ങൾക്കിപ്പുറവും നടക്കാതെ പോയ സ്വപ്നങ്ങളുടെ നെരിപ്പോടുമായി.

 എന്റെ നാട് തരുന്ന സ്നേഹത്തിന്റെ, സമാധാനത്തിന്റെ കുടക്കീഴിൽ കഴിയുമ്പോഴും നീ ഒരു നോവായി എന്റെ ഓർമകളിൽ പടരാറുണ്ട്‌..
ഉറിയിലെ കുട്ടികൾക്ക് ഇടയിൽ ഒരു സ്വാന്തനമായി,ധൈര്യമായി  ഇപ്പോഴും നീ ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം ...പ്രിയ സഹോദരാ ....                                             

Friday, August 23, 2013

ഒരു യാത്രയിലെ നന്മകൾ

രണ്ടായിരത്തിലെ ഒരു യാത്ര, ഇന്നും എന്റെ മനസ്സിൽ അതിന് മുമ്പും പിമ്പും ഉള്ള യാത്രകളെക്കാൾ മനോഹരമായ ഓർമകളാണ്‌ .പതിമൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാനാകാത്ത ആ യാത്ര തന്നെ ആകട്ടെ എന്റെ ആദ്യത്തെ വിവരണവും .  ബാംഗ്ലൂരിൽ അഞ്ചു വർഷത്തെ മരുന്ന് പഠനവും നിർമാണവും ഒക്കെ കഴിഞ്ഞ് സുഹൃത്തുക്കളുമായി പുറപ്പെട്ട ഒരു അവിസ്മരണീയ യാത്ര,തീർഥയാത്ര എന്നും പറയാം.ഞങ്ങൾ എട്ടു സംസ്ഥാനത്ത് നിന്നുള്ള ഒരേ മനസ്സുള്ള യാത്രികർ ആയിരുന്നു. മലയാളിയും തമിഴനും കന്നടക്കാരനും ആന്ധ്രക്കാരനും ബെന്ഗാളിയും ബീഹാറിയും ഗുജറാത്തിയും കാശ്മിരിയും കൂടിയുള്ള യാത്ര .ഭാഷ ഞങ്ങൾക്ക് ഒരു തടസ്സമേ ആയിരുന്നില്ല .അല്ലേലും ഭാഷ അല്ലല്ലോ സ്നേഹത്തിന്റെ അളവുകോൽ. ആന്ധ്രയിലെ ഹിന്ദുപുരിൽ നിന്നും തുടങ്ങിയ യാത്ര അനന്ദ്പൂർ, ഹൈദരാബാദ്,ഒറീസ്സയിലെ കട്ടക്ക്,ജയ്പൂര് എന്നിവ താണ്ടി കല്കട്ടയിലെക്ക്.ആനന്ദ്പുരിൽ നിന്നും ഹൈദരാബാദിൽ പോകാനായി ട്രെയിൻ കാത്തു നിന്ന ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ നാട്ടിലെ ഒരു പറ്റം ഗ്രാമവാസികൾ യാത്ര അയക്കാനായി സ്റ്റേഷനിൽ വന്നു.ട്രെയിൻ പുറപ്പെടുമ്പോൾ പലരുടെയും കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു.ആദ്യമായി ശ്വാസം മുട്ട് മാറാൻ മീൻ തിന്നാൻ ആളുകൾ പോകാറുള്ള ആ നാട്ടിലേക്ക്.ഹൈദരാബാദ് നിസാമിന്റെ  സ്വന്തം നാട്ടിലേക്ക് .മല്ലപ്പള്ളി സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഞങ്ങളേയും കാത്ത് സഹായി ഉണ്ടായിരുന്നു. ഓട്ടോറിക്ഷയിൽ കയറിയത് മുതൽ ആ നാട് വിടുന്നത് വരെ അവിടത്തെ ആളുകളുടെ സ്നേഹം ആവോളം അനുഭവിച്ചു .അവരുടെ "യാരോ" എന്ന വിളി ഇന്നും മനസ്സിൽ നിന്നും മായുന്നില്ല.ഒരു കാര്യം എനിക്കുറപ്പായി തെക്കേ ഇന്ത്യയിൽ അവരോളം സ്നേഹം പ്രകടിപ്പിക്കുന്ന സമൂഹം വേറെ ഉണ്ടാവില്ല.  മുഗൾ രാജാക്കന്മാർ സമ്മാനിച്ച മനോഹരമായ സ്തൂപങ്ങളും കെട്ടിടങ്ങളും ഇന്നും അതിന്റെ തനതായ രൂപത്തിൽ ഇപ്പോഴും അവിടെ കാണാൻ സാധിക്കും .സെവൻ ടോമ്പ് എന്നറിയപ്പെടുന്ന പാർക്കിൽ മഹാരഥന്മാരായ ഏഴുപേരുടെ ശവകുടീരങ്ങൾ ഉണ്ട് .അവിടെ വല്ലാത്ത ഒരു നിശബ്ദത ആയിരുന്നു .എന്നെ തഴുകി കടന്നു പോയ അവിടത്തെ കാറ്റിനുപോലും ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു . തകർന്നടിഞ്ഞ പഴയ കെട്ടിടത്തിന്റെ പാതി തകർന്ന,കൊത്തു പണികളുള്ള തൂണിൽ ചാരി നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മണ്ണടിഞ്ഞ ആ സംസ്കൃതിയിലേക്ക് നോക്കി അത് പറയുന്ന കഥകൾക്ക് ഞാൻ ചെവിയോർത്തു .അവിടെ ബാക്കിയായ ഒരു കല്ലിനുപോലും കുറെ കഥകൾ പറയാൻ ഉണ്ടാവും .കുറെ സമയം ഒറ്റക്ക് ഇരുന്നപ്പോൾ പശ്ചാത്തലത്തിൽ എങ്ങുനിന്നോ ഒരു സൂഫി സംഗീതം ഒഴുകി വരുന്നത് പോലെ തോന്നി .ഔരങ്കസീബ് ചക്രവർത്തി നമസ്കരിച്ച സ്ഥലവും അവിടെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നു .കുതിരകളുടെ കുളമ്പടികളും വാളുകളുടെ സീൽക്കാരങ്ങളും പടയോട്ടങ്ങളും എല്ലാം ഒരു നിമിഷം മനസ്സിലേക്കോടിയെത്തി .പിന്നീടെത്തിയത്  ചരിത്രപ്രസിദ്ധമായ ചാർമിനാറിലേക്ക് ആയിരുന്നു .മുസി നദിയെ തഴുകി എത്തുന്ന കാറ്റുമേറ്റ് മനോഹരമായ മക്കാ മസ്ജിദിലെ ബാങ്കൊലി ശബ്ദവും കേട്ട് തലയുയർത്തി നിൽക്കുന്ന ചാർമിനാർ എത്ര കണ്ടാലും മതിവരില്ല .ലാഡ് ബസാറിലെ തിരക്ക്‌ ചാർമിനാറിന്റെ പ്രൗഡിക്ക് മങ്ങലേൽപ്പിച്ചോ എന്നൊരു സംശയം .എന്നെ ഏറ്റവും അധികം അതിശയിപ്പിച്ചത് ബാർകസിലെക്കുള്ള യാത്രയാണ്‌.. നഗരത്തിലെ തിരക്കിൽ നിന്നെല്ലാം അകന്ന്  തികച്ചും  വ്യത്യസ്തമായ ഒരു ഗ്രാമം .അവർ ഹൈദരാബാദികൾ ആണോ എന്ന് ചോദിച്ചാൽ ആണ് എന്നാൽ അല്ലേ എന്ന് ചോദിച്ചാൽ അല്ല .ഹൈദരാബാദ് നിസാമിന്റെ കാലത്ത് യെമെനിൽ നിന്നും കൊണ്ട് വന്ന പട്ടാളക്കാരുടെ പിൻതലമുറക്കാർ .അറബ് രക്തം സിരകളിലുടെ ഓടുന്നവർ .അവരുടെ ജീവിതരീതി ഇപ്പോഴും വ്യത്യസ്തമാണ്,ശരീര പ്രകൃതിയും .പണ്ട് കാലത്ത് മലേഷ്യയിൽ നിന്നും ഗൾഫിൽ നിന്നും വരുന്നവർ കൊണ്ട് വന്നിരുന്ന സില്കിന്റെ നിറങ്ങൾ ചാലിച്ച ലുങ്കിയാണ് പ്രധാന വേഷം .അത് അവർക്ക് നന്നായി ഇണങ്ങുന്നുമുണ്ടായിരുന്നു .മല്ലപ്പള്ളി മർകസിൽ നിന്നും വ്യാഴാഴ്ച  അസർ നമസ്കാരവും കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഞങ്ങളെ തടഞ്ഞ് കൊണ്ട് ഒരു വലിയ ജനാവലി പള്ളിക്കുള്ളിലേക്ക് കടന്നു വന്നു. അവിടെ വ്യാഴാഴ്ച മഗ്രിബ് മുതൽ സമ്മേളനമാണ്‌ .പക്ഷെ പതിവിനു വിപരീതമായി ആളുകൾ നേരത്തെ എത്തി സ്ഥലം പിടിച്ചപ്പോൾ ആദ്യം കാര്യം മനസ്സിലായില്ല.റിസ്ക്‌ എടുക്കാതെ ഞങ്ങളും അവിടെ തന്നെ ഇരുന്നു .പിന്നീടറിഞ്ഞു ആബിദ് ഖാൻ സാഹിബിന്റെ പ്രഭാഷണം ആണെന്ന് .ഒരുപാട് സദസ്സുകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒന്ന് ആദ്യമായിരുന്നു .അവിടെ കൂടിയ ആയിരങ്ങളിൽ കണ്ണ് നിറയാത്ത,മനസ്സ് നിറയാത്ത ഒരാളെയും ഞാൻ കണ്ടില്ല .അദ്ദേഹത്തെ ഒന്ന് പരിചയപ്പെടണം എന്ന് അതിയായ മോഹമുണ്ടായി ഞങ്ങൾക്കെല്ലാം .ആഗ്രഹിച്ചത് പോലെ പിന്നീടുള്ള ഞങ്ങളുടെ യാത്ര അദ്ദേഹത്തിന്റെ നാട്ടിലേക്ക് തന്നെ ആയിരുന്നു .പത്തു ദിവസം അവിടെ തങ്ങി .ഒരിക്കൽ പോലും  ഞങ്ങൾക്ക് ആഹാരം സ്വന്തമായി ഉണ്ടാക്കേണ്ടി വന്നില്ല .റമസാൻ തുടങ്ങിയിരുന്നു .ഒരു ദിവസം  ഞങ്ങളിൽ ഒരാൾ രാത്രിയിലെ അത്താഴം കഴിക്കാൻ എഴുന്നേറ്റപ്പോൾ  അതിശയകരമായ ഒരു കാഴ്ച കണ്ടു .മഹാനായ ആബിദ് ഖാൻ സാഹിബ്‌ ഞങ്ങൾക്കുള്ള ഭക്ഷണം തലയിൽ ചുമന്നു കൊണ്ട് വരുന്നു .കൂടെ ഒരു സഹായിയും .പള്ളിക്ക് ഉള്ളിൽ പ്രവേശിക്കാതെ ഭക്ഷണം സഹായിയെ ഏൽപിച്ചു അദ്ദേഹം തിരിച്ചു പോയി.ഇതിനെപ്പറ്റി പിന്നീട് ഒരിക്കൽ ഞങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം സൌമ്യമായി മറുപടി തന്നു .നാളെ എന്റെ ഭാരം ഞാൻ തന്നെയല്ലേ ചുമക്കെണ്ടത് എന്ന് .ഇന്നത്തെ പല നേതാക്കളുടെ മുമ്പിലും അദ്ദേഹം വ്യത്യസ്തനായി തുടരുന്നു .

ഞങ്ങളുടെ അടുത്ത യാത്ര ഒറീസ്സയിലേക്ക് ആയിരുന്നു .ആയിടക്കാണ്‌ ആ നാടിനെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കം ഉണ്ടായത് .പലരും ഞങ്ങളോട് പറഞ്ഞു അങ്ങൊട്ട് പോകണ്ട ,നമുക്ക് റുട്ട് മാറ്റാമെന്ന് .അവിടെ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു എന്ന വാർത്ത‍ കേൾക്കാൻ തുടങ്ങിയിരുന്നു. പക്ഷേ ഞങ്ങൾ എല്ലാവരും അവിടേക്ക് പോകാൻ തന്നെ തീരുമാനിച്ചു.പതിവുപോലെ യാത്ര അയക്കാൻ സ്റ്റേഷനിൽ ഒരുപാട് പേര് എത്തിയിരുന്നു .ഇത്തവണ പതിവിനു വിപരീതമായി എല്ലാവരുടെയും കയ്യിൽ ഞങ്ങൾക്കുള്ള ഭക്ഷണപ്പൊതിയും ഉണ്ടായിരുന്നു .യാത്ര വളരെ ദീർഖമായിരുന്നു .വിരസത മാറ്റാൻ ഞങ്ങളുടെ നേതാവ് ബീഹാരുകാരൻ എഹ്സാൻ മൻസർ ഒരു മനോഹരമായ പ്രാർത്ഥനാ ഗാനം  ചൊല്ലി

ലപ്പെ ആത്തി ഹേ ദുഅ ബന്കെ തമന്നാ മേരി
സിന്ദഗി ഷമ്മാ കെ സുരത്ത് ഹൊ ഖുദായ മേരി
ഹോ മേരെ ദം സെ യുഹി മേരെ വദൻ കി സീനത്ത്
ജിസ് തരഹ് ഭൂല് സെ ഹോതി ഹേ ചമൻ കി സീനത്ത്
സിന്ദഗി ഹോ മേരി പർവാനെ കി സൂറത്ത് യാ റബ്ബ്
ഇല്മ് കി ഷമ്മാ സെ ഹോ മുച്കോ മുഹബ്ബത്ത് യാ റബ്ബ്
ഹോ മേരാ കാമ് ഗരീബോം കി ഹിമായത്ത് കർനാ
ദർദ് മന്ദൊംസെ സഈഫൊം സെ മുഹബ്ബത്ത് കർനാ
മേരെ അല്ലാഹ് .......മേരെ അല്ലാഹ്
 ഹോ ബുരാഈ സെ ബചാന മുച്കോ
നേക് ജോ രാഹ് ഹോ ഉസ് രഹെ പേ ചലാനാ മുച്കോ

ബംഗാൾ ഉൾക്കടലിനെ ആസ്വദിച്ച് കൊണ്ട് ഇരുപത് മണിക്കൂർ നീണ്ട യാത്ര ,പക്ഷെ ഒറീസ്സ എത്തുംതോറും അവിടത്തെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങളെ ആകുലപ്പെടുത്തി .വഴിയോരങ്ങളിൽ എവിടെയും ഒരൊറ്റ വൃക്ഷം പോലും നേരെ നിൽക്കുന്നുണ്ടായിരുന്നില്ല .അതിശക്തമായ കാറ്റിനെ അതിജീവിക്കാനുള്ള കരുത്ത് ആ പാവങ്ങൾക്കില്ലായിരുന്നു.ചിലത് കടപുഴകി വീണു ,കൃഷിയിടങ്ങളെല്ലാം നാശമായി കിടക്കുന്നത് വേദനയോടെ ഞങ്ങൾ കണ്ടു .കടൽ രൗദ്രഭാവം പ്രകടിപ്പിച്ചു എട്ടു അടി ഉയരത്തിൽ കരയിലേക്ക് ചീറി അടുത്തതിന്റെ ബാക്കി പത്രം .അവിടത്തെ മർകസിൽ വെച്ച് വൃദ്ധനായ ഒരു സാഥികനെ പരിചയപ്പെട്ടു .ഇവിടത്തെ ദുരന്തത്തിന് ശേഷം ചില വിഭാഗങ്ങൾ പാവപ്പെട്ട ഗ്രാമീണരെ മത പരിവർത്തനം നടത്തുന്നു എന്ന വാർത്ത അറിഞ്ഞു ബോംബയിൽ നിന്നും അയച്ച ഒരു ജമാഅത്തിന്റെ തലവൻ.അദ്ദേഹം ഞങ്ങൾക്ക്  ഒരു ഉപദേശം തന്നു ,നിങ്ങൾ ചെറുപ്പക്കാർ ആണ്. സ്വാഭാവികമായും നിങ്ങൾക്ക്  നഗരം കേന്ദ്രീകരിച്ച് ആയിരിക്കും റുട്ട് തരുന്നത് .പക്ഷെ നിങ്ങളോട് അഭിപ്രായം ചോദിച്ചാൽ വെള്ളപ്പൊക്കം ബാധിച്ച  ഗ്രാമങ്ങൾ  വേണമെന്ന് പറയണം .അങ്ങനെ ഞങ്ങൾ ജയ്പൂർ എന്ന ഒരു കുഗ്രാമത്തിൽ എത്തി .ജീപ്പിലാണ് യാത്ര. ടാറിടാത്ത പൊടി മണ്ണു പാറുന്ന റോഡിലുടെ മണിക്കുറുകൾ നീണ്ട യാത്ര .അവിടെ എത്തിയപ്പോൾ ഞങ്ങൾക്ക് പരസ്പരം തിരിച്ചറിയാൻ പറ്റാത്ത നിലയിൽ പൊടി മണ്ണു കൊണ്ട് ഞങ്ങളുടെ മുടികളും ശരീരവും മൂടിയിരുന്നു .മണ്ണു കൊണ്ടുണ്ടാക്കിയ വാതിലുകളില്ലാത്ത ഒരു കൊച്ചു പള്ളി ഡിസംബറിലെ അവിടത്തെ തണുപ്പ് അസഹനീയമായിരുന്നു .ഭിത്തികളിൽ നിന്നും തറയിൽ നിന്നും പിന്നെ ചാക്ക് കൊണ്ട് മൂടിയ വാതിലുകളിലിടയിലുടെയും തണുപ്പ് അരിച്ചിറങ്ങി ഞങ്ങളുടെ രാത്രികൾ ത്യാഗമുള്ളതാക്കി .ആ നാട്ടിലെ നിഷ്കളങ്കരായ ആളുകൾ ഞങ്ങളോടൊപ്പം കൂടി .പരിസരത്തുള്ള പല പ്രദേശങ്ങളിലും അവർക്ക് സഹായികളായി ഞങ്ങളും കൂടെ കൂടി .ആ പ്രാവശ്യത്തെ പെരുന്നാൾ ഞങ്ങൾ അവരോടൊപ്പം കൊണ്ടാടി .ജീവിതത്തിൽ ഒരിക്കലും അത് പോലെ ഒരു പെരുന്നാൾ ദിനം ഞങ്ങൾക്ക് ആർക്കും ഉണ്ടായിട്ടില്ല .വീണ്ടും യാത്ര തുടർന്നു കൽകട്ടയിലെക്ക്          
                          
           കൽകട്ടയിൽ ഉള്ള സമയം.അപ്രതീക്ഷിതമായാണ്‌ ടോങ്കിയിലെ "വിശ്വ ഇസ്തിമ"യെകുറിച്ചറിയുന്നത്.ബംഗാളികൾ "ബിശ്വ ഇസ്തിമ" എന്നും പറയും. ഹജ്ജ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്ന സമ്മേളനം.പണ്ട് മാധ്യമം പത്രത്തിൽ   ഈ സമ്മേളനം കഴിഞ്ഞ് ആളുകൾ തിങ്ങി നിറഞ്ഞ ട്രെയിനിൽ മടങ്ങി പോകുന്നതിന്റെ ഫോട്ടോ കണ്ട ഓർമ മാത്രം .ബാംഗ്ലൂരിൽ പഠിക്കുന്ന കാലത്ത് ഒരുപാട് ബംഗ്ലാദേശി സുഹൃത്തുക്കൾ ഉണ്ടായിരുന്നത് കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു .എന്റെ സുഹൃത്തുക്കളിൽ ഞാനൊഴികെ ആർക്കും പാസ്പോർട്ട്‌ ഇല്ലായിരുന്നു..മല്ലു ആയി ഞാൻ മാത്രം.നമ്മൾ "മല്ലു"കൾ പാസ്പോർട്ട്‌ എടുക്കാൻ പതിനെട്ട് തികയുന്നതും കാത്തിരിക്കുന്നവർ ആണെന്ന്‌ ഇവന്മാരുണ്ടോ അറിയുന്നു .ആഗ്രഹിച്ചു പോയത് കൊണ്ട് പിൻമാറാനും മനസ്സ് വന്നില്ല.ഒരു വിധം എല്ലാവരുടേയും അനുവാദവും വാങ്ങി പോകാൻ ഒരുങ്ങിയപ്പോഴാണ് പാസ്പോർട്ട്‌ ബാംഗ്ലൂരിൽ  ആണെന്ന ഞെട്ടിക്കുന്ന സത്യം ഓർമയിൽ വന്നത്.നാല് ദിവസം കൊണ്ട് സാധനം കയ്യിൽ കിട്ടി .അവിടെയുള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ വിസക്ക് അപേക്ഷിച്ചു .നാൽപത്തി അഞ്ചു  ദിവസത്തേക്ക് വിസ തന്നു ചെലവ് ഒരു രൂപ.ലോകത്തെവിടെയെങ്കിലും ഒരു രൂപയ്ക്ക് തുല്യമായ മൂല്യത്തിന് വിസ കിട്ടുമോന്ന് സംശയം.എന്റെ പാസ്പോർട്ടിൽ ആദ്യത്തെ സ്റ്റാമ്പ്‌ പതിഞ്ഞു.ഇന്നും ഒരു നിധി പോലെ ആ പാസ്പോർട്ട്‌ ഞാൻ സൂക്ഷിക്കുന്നു  അന്ന് ട്രെയിൻ സർവീസ് അതിർത്തി വരെ മാത്രമേ ഉണ്ടായിരുന്നുള്ളു .ആ വഴി കുറച്ച് അപകടം പിടിച്ചത് ആണെന്ന അറിവ് യാത്രയെ റോഡ്‌ മാർഗമാക്കി.ഇന്നിപ്പോൾ നേരിട്ട് ധാക വരെ സർവീസ് ഉണ്ട്.

കൽകട്ടയിലെ തെരുവുകൾ എന്നെത്തെയും പോലെ ശ്വാസം മുട്ടിക്കുന്ന തിരക്കിലാണ്.എന്റെ മുന്നിലുടെ ഒരു ട്രാം സൈറൻ മുഴക്കി റോഡിന് കുറുകെ കടന്ന് പോയി.ഇന്ത്യയിൽ എവിടെയും കാണാത്ത ആ കാഴ്ച ഞാൻ കണ്ട് നിന്നു.ബ്രിടിഷുകാർ ബാക്കി വെച്ച മനോഹരമായ തിരുശേഷിപ്പുകൾ ആ നഗരത്തെ കൂടുതൽ സുന്ദരിയാക്കി.വിക്ടോറിയ പാലസും ഹൌറ പാലവും എന്നും ആ നഗരത്തിന്റെ മേനി കൂട്ടിയതേ ഉള്ളൂ .പാലത്തിനും ഹൂഗ്ലി നദിക്കും പരിസരത്ത് ചേക്കേറിയിരുന്ന പറവകൾ മടക്കയാത്രയുടെ തിരക്കിലാണ്.ആകാശം ചുവന്നു തുടങ്ങി .എന്റെ ബസ്‌ വരാൻ ഇനിയും സമയമുണ്ട്.തൊട്ടടുത്ത പള്ളിയിൽ നിന്നും മഗ്രിബ് നമസ്കാരത്തിന്റെ അറിയിപ്പ് എന്നെ തേടി വന്നു.എനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സന്ധ്യ ആയിരുന്നു അത് .ജീവിതത്തിൽ ആദ്യമായ് അന്യ രാജ്യത്തേക്ക് പോകുന്നതിന്റെ ഒരു അന്ധാളിപ്പ് എന്നെ പിടികൂടി .അതും ഒറ്റക്ക് .ഒരുപാട് യാത്രകൾ ഒറ്റക്ക് പോയിട്ടുണ്ടെങ്കിലും ഇതെന്നെ ഭയപ്പെടുത്തി .നമസ്കാരത്തിന് ശേഷം രക്ഷിതാവിനോട് സഹായവും തേടി ഞാൻ ബസിൽ കയറി .ബസ്‌ നിറയെ ആളുകൾ .എന്നെ അത്ഭുതപ്പെടുത്തി കൊണ്ട്  ആ ബസിൽ നിറയെ മലയാളികൾ ആണെന്ന സത്യം ആശ്വാസത്തോടെ ഞാൻ തിരിച്ചറിഞ്ഞു.കാസർഗോഡ് നിന്നും വന്ന ഒരു ഗ്രൂപ്പ്‌.. .  ..ഞാനും അവരിൽ ഒരാളായി.എട്ടു മണിക്കൂർ നേരത്തെ യാത്രക്ക് ഒടുവിൽ ഞങ്ങൾ അതിർത്തിയിൽ എത്തി.ഭീമാകാരമായ ഒരു ഗേറ്റ് റോഡിനു കുറുകെ,അവിടെ കുറച്ച് അതിർത്തി സംരക്ഷകരും.അടുത്തുള്ള ഒരുപാട് കടകളിൽ ഒന്നിൽ കയറി ഇന്ത്യൻ രൂപ ടാക യിലേക്ക് മാറി .100 രൂപ മാറി 135 ടാക കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി,മടങ്ങി  വന്നപ്പോൾ തിരിച്ചും.ഹരിദാസ്പുർ എന്ന ഇന്ത്യൻ അതിർത്തിയിലെ ഇമ്മിഗ്രേഷൻ ഓഫീസിൽ ക്യൂ നിൽക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാതെ എന്റെ രാജ എന്ന ബംഗ്ലാദേശി സുഹൃത്തിനെ കണ്ടുമുട്ടി .സന്തോഷം കൊണ്ട് കുറെ സമയം അവനെ കെട്ടിപ്പിടിച്ച് ഞാൻ നിന്നു .പിന്നെ അവിടത്തെ നടപടികൾ  കഴിഞ്ഞ് നേരെ അടുത്ത രാജ്യത്തേക്ക്.ആ വലിയ ഗേറ്റ് നമ്മുടെ മുമ്പിൽ മലർക്കെ തുറന്നു .അവിടത്തെ ഉദ്യോഗസ്ഥർ ഒരിക്കലും പ്രതീക്ഷിക്കാത്ത അതിഥ്യ മര്യാദ കാണിച്ചപ്പോൾ നമ്മുടെ സ്വന്തം ആളുകൾ ഇത് കണ്ട് പഠിചെങ്കിൽ എന്ന് വെറുതെ ആശിച്ചു.ബോനപോൾ (Bonapole ) എന്ന പേരിലാണ് അവരുടെ അതിർത്തി അറിയപ്പെടുന്നത്.ഇന്ത്യൻ അതിർത്തിയിൽ മണിക്കുറുകൾ കാത്തു നിന്നെങ്കിൽ ഇവിടെ വളരെ പെട്ടെന്ന് കാര്യങ്ങൾ കഴിഞ്ഞ് ഞങ്ങൾ വീണ്ടും മറ്റൊരു വലിയ ഗേറ്റിനു മുമ്പിൽ എത്തി .അപ്പോൾ എന്റെ മനസ്സിൽ വന്ന വികാരം എനിക്ക് ഇവിടെ വിവരിക്കാൻ സാധിക്കില്ല .പണ്ട് നമ്മുടെതായിരുന്ന എന്നാൽ ഇന്ന് നമുക്ക് അന്യമായ ഭൂമി .അവിടെ ഞങ്ങൾക്ക് യാത്രയ്ക്കുള്ള ബസ്‌ തയ്യാറായി കിടക്കുകയായിരുന്നു .അൽപദൂരത്തെ യാത്രക്ക് ശേഷം   ബസ്‌  ഞങ്ങളെയും കൊണ്ട് ഒരു വലിയ പള്ളിയുടെ മുമ്പിൽ നിന്നു .അവിടെ ആഹാരത്തിനും വിശ്രമത്തിനും എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു .പിന്നീട് വീണ്ടും ദീർഖമായ യാത്ര ടാകയിലെക്ക് .ടാക സിറ്റി എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു .ഒരു വികസിത രാജ്യത്ത് കാണുന്ന എല്ലാ പ്രൌഡിയും വിളിച്ചോതുന്ന തരം റോഡുകൾ ,മനോഹരമായ പാതയോരങ്ങൾ. വാഹനങ്ങൾ എല്ലാം വിദേശ നിർമിതം .അടുത്തിരുന്ന ആരോ പറയുന്നത് കേട്ടു ഇവർ സ്വന്തമായി വാഹനം നിർമിക്കുന്നില്ല ,എല്ലാം പുറത്ത് നിന്നും വരുന്നവയാണ്.തുരാഗ് നദി ബസിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് മുറിച്ച് കടക്കാൻ സാധിക്കും .വലിയ കാരിയറുകൾ വന്നു മുന്നും നാലും വാഹനങ്ങളെ ഒരുമിച്ച് കൊണ്ട് പോകുന്നത് നല്ല ഒരു അനുഭവം ആയിരുന്നു.നിലാവുള്ള ആ രാത്രി വലിയ മത്സ്യങ്ങൾ ഞങ്ങളുടെ വാഹനത്തോടൊപ്പം മത്സരിച്ച് നീന്തുന്നതും നോക്കി  ജനുവരിയിലെ തണുത്ത കാറ്റുമേറ്റ് നിൽക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയിരുന്നു .
സമ്മേളന നഗരി ഒരു ജനസാഗരമായിരുന്നു .ഞങ്ങൾ അവിടെ വിദേശികൾ ആയതുകൊണ്ട് പ്രത്യേക പരിഗണന ഉണ്ടായിരുന്നു .സമ്മേളന നഗരിക്ക് അടുത്തായി ഞങ്ങൾക്ക് ഒരു വലിയ മൈതാനത്തിൽ പ്രത്യേകം സജ്ജീകരിച്ച ടെന്റുകൾ ഉണ്ടായിരുന്നു .ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ഒരു ടെന്റ് ആയിരുന്നു .ഞങ്ങൾ നൂറു കണക്കിന് ആളുകൾ പരസ്പരം ഇട കലർന്ന് ഒരു ഭിന്നതയുമില്ലാതെ മൂന്ന് ദിവസം അവിടെ കഴിഞ്ഞു .വേറൊരു സന്ദർഭത്തിൽ ആണെങ്കിൽ ഓർക്കാൻ കൂടി സാധിക്കാത്ത കാര്യം .അല്ലെങ്കിൽ തന്നെ സാധാരണക്കാരായ നമുക്ക് ആത്യന്തികമായി എന്ത് വിഭജനം ,ഒരേ ജനത സ്വാതന്ത്ര്യം നേടാൻ ഒരുമിച്ച് പോരാടി ,അവസാനം  രാഷ്ട്രീയ മേലാളന്മാർ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഉറഞ്ഞു തുള്ളിയപ്പോൾ നമ്മൾ പാവം കഴുതകൾ അപ്പുറവും ഇപ്പുറവും ആയിപ്പോയി .അവിടെ വെച്ച് ബാന്ഗ്ലൂരിലെ എന്റെ ഉറ്റ ചങ്ങാതി കോഴിക്കോടൻ കോയയെ കണ്ടുമുട്ടി .പിന്നെ ഞങ്ങൾ ഒരുമിച്ചായി .തൊട്ടടുത്ത ടെന്റിൽ അറബികളായിരുന്നു .യുറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ ആളുകൾ ഉണ്ടായിരുന്നു .ഓരോ രാജ്യക്കാർക്കും  അവരുടെ ഇഷ്ട ഭക്ഷണം എപ്പോഴും  റെഡി ആയിരുന്നു.ചെറുപ്പക്കാരായ കുറെ കുട്ടികൾ ഞങ്ങളുടെ സേവനത്തിനായി എപ്പോഴും  ഉണ്ടായിരുന്നു .പരിചയപ്പെട്ടപ്പോൾ അവരെല്ലാം ധാക യുനിവെർസിറ്റിയിലെ വിദ്യാർഥികൾ ആണെന്ന് മനസ്സിലായി .മനസ്സിനെ ഒരുപാട് സ്പർശിച്ച ഒരു സംഭവം ഇതിനിടയിൽ കാണാൻ സാധിച്ചു. പലപ്പോഴും ആഹാരം കഴിക്കുന്ന ടെന്റിൽ ഞങ്ങൾ പോകുമ്പോൾ ചെരുപ്പുകൾ പുറത്ത് ഇടാറുണ്ട് .പക്ഷെ തിരിച്ചു വരുമ്പോൾ ചെരുപ്പുകൾ വൃത്തിയാക്കി ഇടാൻ പാകത്തിന് തിരിച്ച് വെച്ചിരിക്കുന്നത് കാണാനിടയായി. ഒരിക്കൽ മാറി നിന്ന് ഞാൻ വീക്ഷിച്ചു .നേരത്തെ പറഞ്ഞ ചെറുപ്പക്കാർ ആണ് ഇതിന് പിന്നിലെന്ന് മനസ്സിലായപ്പോൾ അവരോട് ഞാൻ ചോദിച്ചു  ഇത്രക്ക് വേണോ സഹോദരാ.അവർ ഒന്നായി പറഞ്ഞു നിങ്ങൾ ഞങ്ങളുടെ അതിഥികൾ ആണ് .ഇത് ഞങ്ങളുടെ കടമയാണ്.അവരുടെ മുമ്പിൽ ഞാൻ ഒരുപാട് ചെറുതായി പോയി.ഒപ്പം ഒന്നു കൂടി എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് വർഷാവർഷം ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും ആളുകൾ ഈ ദരിദ്ര രാജ്യത്തേക്ക് വരുന്നതെന്ന് .ഹിന്ദിയിലെ ദിലീപ് കുമാറിനെ പോലെ ആ കാലത്തെ ഒരു പാകിസ്ഥാൻ നടനും ഞങ്ങളുടെ ടെന്റിൽ ഉണ്ടായിരുന്നു. മാനസാന്തരം വന്ന അദ്ദേഹത്തെയും പരിചയപ്പെട്ടു.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന മൌലാനാ താരിഖ് ജമീലിനെ കാണാനും അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാനും സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതി.ഒരു വട്ടം ഞാനും കോയയും കൂടി സമ്മേളന നഗരിയിലെ വലിയ പന്തലിന്റെ മറ്റേ അറ്റം കണ്ടുപിടിക്കാൻ ഒരു വൃഥാ ശ്രമം നടത്തി .ഞങ്ങൾ നടന്ന് തളർന്നതല്ലാതെ അവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല .അത്രക്ക് വിശാലവും വിസ്ത്രിതിയിലും ആയിരുന്നു അവിടത്തെ സൌകര്യങ്ങൾ .പ്രഭാഷണ നഗരിയിൽ ഉർദുവിലും പിന്നെ ബംഗ്ലയിലും ആയിരുന്നു തര്ജമ .മറ്റ് ഇരുപത്തി അഞ്ചോളം ഭാഷകളിൽ പല സ്ഥലങ്ങളിലായി വേറെ തർജമകളും .അവിടെയും നമ്മുടെ മലയാളം സ്ഥലം പിടിച്ചു . മൂന്നു ദിവസത്തിന് ശേഷം മടക്കയാത്ര തുടങ്ങി.
കൽകട്ടയിലെ സുഹൃത്തുകൾ അപ്പോഴേക്കും ഡൽഹിയിൽ എത്തിയിരുന്നു. ഞാനും അവിടേക്ക് തിരിച്ചു മനസ്സ് നിറയെ ടോങ്കിയിലെ നന്മകളുമായി. കൽകട്ടയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിൽ ഒരുപാട് ആഗ്രഹിച്ച ഒരു മഹാനെ പരിചയപ്പെട്ടു ഡോ .സനാവുള്ള ഖാൻ .ഉപരി പഠനത്തിനായി ഫ്രാൻ‌സിൽ പോയി  അവിടത്തെ മുസ്‌ലിം സമൂഹത്തിൽ  സംസ്കരണം നടത്തിയ മഹാൻ .അദ്ദേഹം അവിടെ പോയ സമയത്ത് ഒരു ഇസ്ലാമിക്‌ കൾചരൽ സെന്ററും ഞായറാഴ്ചകളിൽ മാത്രം ഒരുമിച്ച് കൂടുന്ന ഒരു സമൂഹവും ആയിരുന്നു അവർ .ഇപ്പൊ നൂറു കണക്കിന് പള്ളികളും അതിൽ ഒരു പള്ളി അദ്ദേഹത്തിന്റെ പേരിലും  നാട്ടുകാർ പണി കഴിപ്പിച്ചു. 

ഡെൽഹിയിലെ ബംഗ്ലാവാലി മസ്ജിദിൽ രണ്ടു ദിവസം തങ്ങി .അവിടത്തെ മഹാന്മാരുടെ പ്രഭാഷണങ്ങളും കേട്ട്  തണുപ്പും സഹിച്ച് രണ്ട് ദിവസം. അപ്പൊ അവിടെ മുന്ന് രാജ്യങ്ങളുടെ വാർഷിക അവലോകനം നടക്കുകയായിരുന്നു ,ആസ്ത്രേലിയ ,ന്യൂസീലണ്ട് ,ഫിജി എന്നീ രാജ്യങ്ങളുടെ. അതിലൊക്കെ പങ്കെടുത്തു തിരിച്ച് ബംഗ്ലുരിലെക്ക് .  
ബംഗ്ലൂരിൽ എത്തിയപ്പോൾ മംഗലാപുരത്ത് സമ്മേളനം നടക്കുന്ന വിവരം അറിഞ്ഞു ഞങ്ങൾ അങ്ങൊട്ട് തിരിച്ചു .അവിടെ വെച്ച് ഞങ്ങളുടെ ഒരു കാശ്മീരി സുഹൃത്തിന്റെ പിതാവിന്റെ അസുഖ വിവരം അറിഞ്ഞു അവനെ മടക്കി അയച്ചു .അവിടന്ന് കൂടെയുള്ളവരുടെ താല്പര്യ പ്രകാരം അവസാനം യാത്ര കോഴിക്കോട്ടേക്ക് .നമ്മുടെ നാട്ടിലെ വെള്ളത്തിന്റെ മാധുര്യം വാ തോരാതെ പറയുമ്പോഴും അവരുടെ ചില ചോദ്യങ്ങൾ എന്നെ ഉത്തരം മുട്ടിച്ചു. ഞങ്ങൾ സഞ്ചരിച്ച നാടുകളിൽ ഒന്നും കാണാത്ത സംശയങ്ങളും എതിർപ്പുകളും .അവരുടെ മുമ്പിൽ എനിക്ക് തല കുനിച്ച് നിൽക്കാനേ സാധിച്ചുള്ളൂ .യാത്ര അവസാനിപ്പിച്ച്‌ ബാഗ്ലുരിലെക്ക് പോകുമ്പോൾ ഒരു നഷ്ടബോധം എന്നെ പിടികൂടി.ഇനി ഒരിക്കലും എന്റെ നല്ലവരായ ഈ സുഹൃത്തുക്കളുമായി ഇതുപോലെ ഒരു യാത്ര സാധിക്കില്ലല്ലോ.  

ഈ യാത്രയിൽ ഒരുപാട് നന്മകൾ എന്നെ തേടി വന്നു ഒപ്പം ഗുണപാഠങ്ങളും. ഓരോ യാത്രകളും ഓരോ പാഠങ്ങളാണ്‌,അനുഭവങ്ങളാണ് ,ജീവിതത്തിൽ പകർത്തേണ്ട അനുഭവങ്ങൾ.അബു ദാബിയിൽ  ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ അംബര ചുംബിയായ ഒരു കെട്ടിടത്തിന്റെ പതിനൊന്നാമത്തെ നിലയിലെ  ശീതീകരിച്ച  മുറിയിൽ ഏകനായി ഇരുന്ന് പഴയ യാത്രകൾ അയവിറക്കുമ്പോഴും ഞാനറിയുന്നു ഈ യാത്രകളൊക്കെ തയ്യാറെടുപ്പുകളാണ്,അവസാന യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് .